കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിലേക്കും.
ബിഡിജെഎസ് മത്സരിച്ച 25 മണ്ഡലങ്ങളില്‍ മലപ്പുറത്തെ രണ്ടു മണ്ഡലങ്ങളിലേക്കാണു കള്ളപ്പണം എത്തിയതെന്നാണു സൂചന.
കുഴല്‍പ്പണ കേസ് അന്വേഷിക്കുന്ന സംഘം ഇക്കാര്യംകൂടി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പലമണ്ഡലങ്ങളിലും ബിഡിജെഎസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും ബിജെപിയുടെ കേന്ദ്രഫണ്ട് മുന്നില്‍ കണ്ടുകൊണ്ടാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
മലപ്പുറത്ത് ബിഡിജെഎസ് മത്സരിച്ച തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ഡിജിറ്റല്‍ പണമിടപാടിനു പുറമേ കൂടുതല്‍ ഫണ്ട് എത്തിയെന്നാണു ബിജെപിയിലെ ഒരു വിഭാഗം പറയുന്നത്.
തെരഞ്ഞെടുപ്പു ചെലവ് സംബന്ധിച്ച് കമ്മീഷന് മുമ്പാകെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച വിവരങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള തുക ഇപ്പോഴും അക്കൗണ്ടില്‍ അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഈ മണ്ഡലങ്ങളിലൊക്കെ പ്രചാരണത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല.
ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് അക്കൗണ്ടുകളില്‍ എത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.
ബിഡിജെഎസ് നിയമസഭാതെരഞ്ഞെടുപ്പില്‍ കാര്യമായ വെല്ലുവിളി എവിടെയും ഉയര്‍ത്തിയില്ലെന്ന വസ്തുത എല്ലാവരും സമ്മതിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലാത്തവര്‍ കൂടി പിന്നീട് ബിഡിജെഎസ് സ്ഥാനാര്‍ഥിയായതും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഇ. അനീഷ്