ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുമായോ എൻഡിഎയുമായോ സഹകരിക്കില്ലെന്ന് ബിഡിജെഎസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. എൻഡിഎ ഒഴികെയുള്ള ഏതെങ്കിലും മുന്നണിയുടെ ഭാഗമായി മാറിയില്ലെങ്കിൽ ഒറ്റയ്ക്ക് മൽസരിക്കുവാൻ അനുവദിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുവാനും തീരുമാനമെടുത്തു.
ബിജെപി ചെങ്ങന്നൂരിൽ ബിഡിജെഎസിനോട് കാട്ടുന്ന കടുത്ത അവഗണനയാണ് ശക്തമായ നിലപാടിലേക്ക് എത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കൂടിയ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ ഉദ്ഘാടകനായി എത്തിയ പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ഷാജി.എം. പണിക്കരുടെ സാന്നിധ്യത്തിലാണ് തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
ബിജെപിക്ക് ഒപ്പം നിൽക്കണമെന്നുള്ള നിലപാടിൽ എത്തിയാൽ പാർട്ടി വിടുവാൻ പോലും തയാറാണെന്ന് നിയോജക മണ്ഡലം കമ്മറ്റി വ്യക്തമാക്കി.2011 ൽ നിയമസഭയിലേക്കും, പിന്നീട് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു ചെങ്ങന്നൂരിൽ ലഭിച്ചതും, ബിഡിജെഎസ് പിന്തുണച്ച 2016ലെ നിയമസഭാ ഇലക്ഷനിൽ കിട്ടിയ വോട്ടിന്റെ ഗണ്യമായവർധനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുവാൻ ബിജെപി തയാറായിട്ടില്ല.
ഒരു നന്ദി വാക്കു പോലും പറയുവാൻ പോലും ഉള്ള സന്മനസ് പ്രകടിപ്പിച്ചില്ല. ചെങ്ങന്നൂരിലും, ജില്ലയിലും എൻഡിഎ എന്നൊരു മുന്നണിയുടെ പ്രവർത്തനം നടക്കുന്നില്ല. ഒരു യോഗം പോലും ഇതുവരെ കൂടിയിട്ടില്ല എന്നീ ആരോപണങ്ങളും യോഗത്തിൽ ഉയർന്നു. നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ജോണ് പുന്നാട്ട് അധ്യക്ഷത വഹിച്ചു