കോഴിക്കോട്: മൂന്നാം തവണ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പ്രാതിനിധ്യം പ്രതീക്ഷിച്ച ബിഡിജെഎസിനു നിരാശ. കേന്ദ്ര സഹമന്ത്രി പദമോ രാജ്യസഭാംഗത്വമോ പാര്‍ട്ടിക്ക് നല്‍കുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്താവുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ ഇത്തവണയും പരിഗണിക്കില്ലെന്ന മറുപടിയാണ് ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ നല്‍കിയത്.
2019 ല്‍ രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ തുഷാറിന് കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടുമെന്ന് ബിജെപി നേതാക്കല്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതേ സമുദായത്തില്‍ നിന്നുള്ള വി. മുരളീധരന് കേന്ദ്ര സഹമന്ത്രിയായതോടെ ആ സാധ്യത അടഞ്ഞു. ഇത്തവണ ആലപ്പുഴയിലും ആറ്റിങ്ങലും വോട്ട് വര്‍ധിച്ചത് തങ്ങളുടെ സഹായത്താലാണെന്ന് ബിഡിജെഎസ് അവകാശപ്പെടുന്നു.
രാജ്യസഭയിലേക്കോ കേന്ദ്ര മന്ത്രിസഭയിലേക്കോ പരിഗണിക്കപ്പെടാത്ത സാഹചര്യത്തില്‍ മറ്റേതെങ്കിലും ഉന്നത പദവിയും തുഷാര്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്.അതേസമയം തുഷാറിന്റെ നീക്കം ദുര്‍ബലപ്പെടുത്താന്‍ സംസ്ഥാന ബിജെപി ഘടകത്തിലെ പ്രമുഖര്‍തന്നെ ശ്രമം തുടങ്ങി.
ബിഡിജെഎസ് കടലാസ് സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന വക്താവും തൃശൂരിലെ സഹപ്രഭാരിയുമായ ബി. രാധാകൃഷ്ണ മേനോന് തുറന്നടിച്ചത് ഇതിന്റെ ഭാഗമാണ്. കോട്ടയത്തും മാവേലിക്കരയിലും ബിഡിജെഎസിന് കാര്യമായ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
തൃശൂരില്‍ സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവവും ബിജെപിക്കു കിട്ടിയ വോട്ടുകളും മാത്രമാണു ജയത്തിനു കാരണമെന്നും ബിഡിജെഎസിന് ഒരു പങ്കുമില്ലെന്നുമാണ് രാധാകൃഷ്ണ മേനോന്റെ പക്ഷം. കോട്ടയത്തും മാവേലിക്കരയിലും ബിഡിജെഎസിനു ലഭിച്ചത് ബിജെപി വോട്ടുകളാണ്.
സ്വന്തം ലേഖകന്‍