മാവേലിക്കര: ബിഡിജഐസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡൻായിരുന്ന ഫിലിപ്പ് ജോണിന്റെ രാജിക്കത്ത് വിവാദം വ്യാജമെന്ന് ബിഡിജഐസ് ജില്ലാ കമ്മറ്റി. നിയോജകം മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ജോണിനെ കഴിഞ്ഞ മൂന്നുമാസക്കാലമായി സംഘടനാ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നുവെന്നും ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കർ അറിയിച്ചു.
പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിനുള്ള വീഴ്ചയും സംഘടന പ്രവർത്തനത്തിന്റെ ദൗർബല്യവും മണ്ഡലം കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. പഞ്ചായത്ത് സമിതിയെ ചലിപ്പിക്കാതെ ചില സ്വാർഥതാല്പര്യങ്ങൾക്കു വേണ്ടി ചില നിലപാടുകൾ സ്വീകരിച്ചു പോന്നപ്പോൾ മണ്ഡലത്തിലെ ഭൂരിപക്ഷം പ്രവർത്തകരും മണ്ഡലം പ്രസിഡന്റിന്റെ പ്രവർത്തനത്തെ ശക്തമായി വിമർശിക്കുകയും തെറ്റു തിരുത്തുന്നതിനുള്ള നിർദേശവും ചർച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ മണ്ഡലം പ്രസിഡന്റിന്റെ ചുമതലയിൽ നിന്നും മാറ്റി നിർത്തിയത്. പകരം വൈസ് പ്രസിഡന്റ് രാജു മാലിക്കിനു ചുമതല നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ പ്രവർത്തനത്തിൽ നിന്ന് മാറിനിന്നയാൾ രാജി വച്ചുകൊണ്ട് പ്രസ്താവന ഇറക്കുന്നത് ഒൗചിത്യമില്ലായ്മയാണ്. ഇന്നു നടക്കുന്ന ജില്ല കമ്മിറ്റി യോഗത്തിൽ നടപടി ഉണ്ടാകുമെന്ന് മനസിലാക്കി ഒരു മുഴം മുന്പേ എറിഞ്ഞതാകാമെന്നും രാഷ്ട്രീയ സംഘടന എന്ന നിലയ്ക്ക് ബിഡിജഐസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം ശക്തമായ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കർ പ്രസ്താവനയിൽ അറിയിച്ചു.