ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിൽ സംഘടനാ സംവിധാനത്തിനെതിരെയും ഭാരവാഹികൾക്ക് എതിരെയും ഗുരുതര ആരോപണങ്ങളുമായി ബിഡിജെഎസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റിന്റെ രാജിക്കത്ത്.
നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ജോണ് പുന്നാട്ടാണ് രാജിക്കത്ത് ജില്ലാ പ്രസിഡന്റിന് കൈമാറിയത്. കത്തിൽ സംഘടനയ്ക്ക് ചെങ്ങന്നൂരിൽ മതേതര മുഖം കാട്ടാനായി തന്നെ നിയോജക മണ്ഡലം സ്ഥാനത്ത് ഇരുത്തി. എന്നാൽ തനിക്കെതിരെ ശക്തമായ പ്രവർത്തനമാണ് ചില ജില്ലാ ഭാരവാഹികൾ നടത്തുന്നത്.
ഇത്തരക്കാരുടെ ചില വഴിവിട്ട പ്രവർത്തനം കാരണം മഹിളാ പ്രവർത്തകർ പ്രവർത്തനം അവസാനിപ്പിച്ചു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ മതേതര മുഖത്തിനായി പ്രസിഡന്റ് സ്ഥാനം അലങ്കരിക്കാൻ താത്പര്യമില്ലെ ന്നും കത്തിൽ പറയുന്നു.
പാർട്ടി രൂപീകരണത്തിനായി പതാക കൈമാറിയ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകളും പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ നിലപാടുകളും രണ്ട് ധ്രുവങ്ങളിലായതിനാൽ പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.