സി.കെ. പോൾ
ചാലക്കുടി: എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് പിളർന്ന് പുതുതായി രൂപീകരിച്ച ബിഡിജെഎസ് (ഡെമോക്രാറ്റിക്) യുഡിഎഫിലേക്ക് നീങ്ങുന്നു. പുതിയ പാർട്ടിയുടെ നേതാക്കൾ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി ധാരണയിലെത്തിയതായി അറിയുന്നു. ഡെമോക്രാറ്റിക് പുതിയ സംസ്ഥാനകമ്മിറ്റി തിങ്കളാഴ്ച നിലവിൽ വരും. അന്നുതന്നെ ജില്ലാകമ്മിറ്റികളും പ്രഖ്യാപിക്കും.
ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ, മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാൽ ജി. നിർമലൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചാലക്കുടി സുനിൽ, ബൈജു തോന്നയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിഡിജെഎസ് (ഡെമോക്രാറ്റിക് ) രൂപികരിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും അസ്വസ്ഥരായ പ്രവർത്തകരാണ് ഇന്ന് കൂടുതലെന്നും നേതാക്കൾ പറയുന്നു. ചില വ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ പ്രവർത്തകർ ഇനി തയാറല്ലെന്ന് പുതിയ പാർട്ടിയുടെ പ്രവർത്തനത്തിലൂടെ പ്രഖ്യാപിക്കുകയാണ്.
വെള്ളാപ്പള്ളി നടേശന്റെയും തുഷാർ വെള്ളാപ്പള്ളിയുടെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്നും ഇവർ ആരോപിക്കുന്നു. ഇതിനു നിന്നുകൊടുക്കാൻ പ്രവർത്തകർ ഇനി തയാറല്ലെന്നും അസ്വസ്ഥരായ പ്രവർത്തകർ ഇതിന് ആര് നേതൃത്വം കൊടുക്കുമെന്ന് അറിയാതെ നിൽക്കുയായിരുന്നെന്നും നേതാക്കൾ പറയുന്നു. പാർട്ടിയെ സിപിഎമ്മിന്റെയും ബിജെപിയുടെയും തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനുള്ള വടംവലിയാണ് ഇപ്പോൾ നടക്കുന്നത്. വെള്ളാപ്പള്ളി നടേശനും, തുഷാർ വെള്ളാപ്പള്ളിക്കും ഇപ്പോഴും ഒരു വ്യക്തമായ നിലപാടില്ല.
സാമൂഹ്യനീതിയെന്ന മുദ്രാവാക്യത്തിൽ ആകർഷകരായിട്ടാണ് പല സംഘടനകളിലും, പാർട്ടികളിലും പ്രവർത്തിച്ചിരുന്നവർ ബിഡിജെഎസിൽ ചേർന്നത്. എന്നാൽ ഇന്ന് എല്ലാവരും നിരാശരാണ്. ഭൂരിഭാഗം ബിഡിജെഎസ് പ്രവർത്തകരും പുതിയ പാർട്ടിയിൽ ഉണ്ടാകുമെന്നും നേതാക്കൾ അവകാശപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ മാത്രം നിലവിലുള്ള 12 മണ്ഡലം പ്രസിഡന്റുമാർ പുതിയ പാർട്ടിയിൽ ചേർന്നുകഴിഞ്ഞു. 75 ശതമാനം പ്രവർത്തകരും പുതിയ പാർട്ടിയിൽ എത്തിയിട്ടുണ്ട്. ഇത് തിരുവനന്തപുരത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാര്യമായ പ്രതീകരണം ഉണ്ടാക്കും.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് ചേർന്ന യോഗമാണ് ബിഡിജെഎസ് (ഡെമോക്രാറ്റിക്) രൂപീകരിക്കാൻ തീരുമാനിച്ചത്. തൃശൂർ ജില്ലയിലും ബിഡിജെഎസ് (ഡെമോക്രാറ്റിക്കിന്റെ ) പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. തിങ്കളാഴ്ച ജില്ലാ കമ്മിറ്റികളും നിലവിൽ വരുന്നതോടെ പാർട്ടി സംസ്ഥാനത്താകമാനം വ്യാപിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
തെരഞ്ഞെടുപ്പിനും സ്ഥാനാർഥി നിർണയത്തിനും തൊട്ടുമുന്പ് പാർട്ടിയിലുണ്ടായ പിളർപ്പും കൊഴിഞ്ഞുപോക്കും ബിഡിജഐസിനും എൻഡിഎക്കും കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്.തൃശൂർ, ചാലക്കുടി മേഖലകളിൽ തങ്ങളുടെ പുതിയ പാർട്ടിക്ക് വ്യക്തമായ സ്വാധീനമുണ്ടെന്ന് നേതാക്കൾ അവകാശപ്പെടുന്പോൾ തൃശൂർ സീറ്റ് ലക്ഷ്യമിട്ടിരിക്കുന്ന തുഷാറിന് അത് കനത്ത വെല്ലുവിളിയാണുയർത്തുന്നത്.
അതുപോലെതന്നെ ബിഡിജെഎസ് പ്രവർത്തകർ കൂടുതലുള്ള തിരുവനന്തപുരത്ത് മത്സരിക്കുന്ന കുമ്മനത്തിനും ഈ നീക്കം തിരിച്ചടിയാകുമെന്ന് ഡെമോക്രാറ്റിക് നേതാക്കൾ അവകാശപ്പെട്ടു. ചാലക്കുടി സീറ്റിലും ബിഡിജെഎസ് നോട്ടമിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുന്ന കാര്യം പുതിയ പാർട്ടി ഇതുവരെയും തീരുമാനിച്ചിട്ടില്ലെങ്കിലും തിങ്കളാഴ്ച പാർട്ടി പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും നേതാക്കൾ പറഞ്ഞു.