ആലപ്പുഴ: ബിഡിജഐസ് എൻഡിഎയോട് കലഹിച്ചുതന്നെ. ഇന്ന് നടക്കുന്ന വേങ്ങര തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ തുഷാർ വെള്ളാപ്പള്ളിയോ മറ്റ് സംസ്ഥാന നേതാക്കളോ പങ്കെടുക്കില്ല. മുന്നോട്ടുള്ള സഹകരണത്തെക്കുറിച്ച് പാർട്ടി കൂടിയാലോചിക്കും. എൻഡിഎയുടെ യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുമെങ്കിലും മുന്നണി വിടുന്നത് ഇപ്പോൾ ആലോചനയിലില്ല.
ഇന്ന് വർക്കലയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് വേങ്ങരയിൽ പോകാത്തതെന്നാണ് തുഷാറിന്റെ ഭാഷ്യം. അതേസമയം മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുക്കത്തില്ലായെന്നുള്ള നിലപാടിൽ തന്നെയാണ്. അതേസമയം ഘടകകക്ഷിയായ ബിഡിജഐസിനെ അനുനയിപ്പിക്കാൻ ബിജെപിയും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ദേശീയ എക്സിക്യൂട്ടീവിനെത്തുന്ന സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വത്തെ കാണും. പ്രശ്നത്തിന്റെ ഗൗരവം പാർട്ടി അധ്യക്ഷനെ ധരിപ്പിക്കാനാണ് സാധ്യത.
ഒക്ടോബർ ആദ്യം കേരളത്തിൽ ആരംഭിക്കുന്ന ബിജെപിയുടെ ജനരക്ഷ യാത്രയ്ക്ക് മുന്‍പ് ഇക്കാര്യത്തിൽ തീർപ്പുകൽപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ബിഡിജഐസിന്റെ ഇപ്പോഴത്തെ നിലപാട് യാത്രയ്ക്ക് കോട്ടമുണ്ടാക്കുമെന്ന ധാരണ പാർട്ടിക്കുള്ളിൽ സജീവമാണ്.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ബിഡിജഐസിനെ യുഡിഎഫിലേക്ക് ക്ഷണിച്ചത് ഗൗരവത്തിൽ കാണുന്നില്ലെന്ന് തൂഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ 150 ഓളം സ്ഥാനങ്ങൾ വീതിച്ചുനൽകിയെങ്കിലും പാർട്ടി രൂപീകരിച്ചതുമുതൽ എൻഡിഎയോടൊപ്പം നിൽക്കുന്ന പാർട്ടിക്ക് യാതൊരുവിധ സ്ഥാനങ്ങളും നൽകിയിട്ടില്ല.
തനിക്ക് സ്ഥാനം വേണമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ സ്ഥാനം ലഭിക്കാൻ അർഹതയുള്ള സംസ്ഥാന നേതാക്കൾ ഇതിൽ അസ്വസ്ഥരാണ്. ജനരക്ഷ യാത്ര ബിജെപിയുടെ മാത്രം പരിപാടിയാണ്. അതിൽ പാർട്ടിയുടെ സഹകരണം സംസ്ഥാന കമ്മറ്റി കൂടി തീരുമാനിക്കും. വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതൊക്കെ എസ്എൻഡിപി ജനറൽ സെക്രട്ടറി എന്നുള്ള നിലയിലാണ്. അതിന് ബിഡിജഐസുമായി ബന്ധമില്ല. കാസർകോട് കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരിടാമെന്ന് പറഞ്ഞിട്ട് ഇത് നടപ്പായിട്ടില്ല.
ഞങ്ങളറിഞ്ഞില്ല: ജെ.ആർ പത്മകുമാർ
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എൻഡിഎ കണ്‍വെൻഷനിൽ ബിഡിജെഎസ് പങ്കെടുക്കില്ലെന്ന കാര്യത്തെക്കുറിച്ച് ബിജെപിക്ക് അറിയില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ.ആർ.പത്മകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. ബിഡിജെഎസ് തങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നടന്ന കമ്മിറ്റികളിൽ ബിഡിജഐസ് പങ്കെടുത്തിരുന്നുവെന്നും പത്മകുമാർ പറഞ്ഞു. അഭ്യൂഹങ്ങൾ സംബന്ധിച്ച് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും പത്മകുമാർ പറഞ്ഞു. ബിഡിജെഎസുമായി ബിജെപിക്ക് നല്ല ബന്ധമാണുള്ളതെന്നും പത്മകുമാർ വ്യക്തമാക്കി.