ചെറിയ മീൻ ആയിരുന്നില്ല ഛോട്ടാ ഷക്കീൽ. ഒാരോ ദിനവും ഇയാളുടെ സ്വാധീനവും ബിസിനസുകളും രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്കു വ്യാപിച്ചുകൊണ്ടിരുന്നു.
ഒടുവിൽ അമേരിക്കയിലും വലിയ മയക്കുമരുന്നു വിപണി ഇയാൾ കണ്ടെത്തി. അമേരിക്കയിലേക്കു വൻ തോതിൽ മയക്കുമരുന്നു കടത്തും തുടങ്ങി. ഇതോടെ ഷക്കീൽ അമേരിക്കയുടെ നോട്ടപ്പുള്ളിയായി.
വൈകാതെ ഷക്കീലിനെ അവർ പിടികിട്ടാ കുറ്റവാളിയായി പ്രഖ്യാപിച്ചു. യുഎസിൽ ഇയാൾക്ക് ഉണ്ടായിരുന്ന സ്വത്തുവകകൾ കണ്ടുകെട്ടി.
അബു സലിമിന്റെ കൂട്ടാളി
ഡി കന്പനിയുടെ മറ്റൊരു പ്രമുഖനായ അബു സലിമുമായി നല്ല ചങ്ങാത്തത്തിലായിരുന്നു ഷക്കീൽ. അബുസലിമിന്റെ ഉപദേഷ്ടാവ് എന്നു വേണമെങ്കിൽ പറയാം.
ബോളിവുഡ് സിനിമയിൽ സാമ്പത്തിക മേൽനോട്ടവും വിദേശത്തു ബോളിവുഡ് ചലച്ചിത്ര അവകാശങ്ങളും നേടിയെടുക്കാൻ ദാവൂദ് ഛോട്ടാ ഷക്കീൽ വഴിയാണ് അബു സലിമിനെ ചുമതലപ്പെടുത്തിയിരുന്നത്.
1997ൽ ഡോംഗ്രിയിൽ ബോംബെ ബേക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.എം. ഖാലിദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഷക്കീൽ ഏറ്റെടുത്തിരുന്നു.
ദാവൂദുമായി കലഹിച്ചു മാറുകയും പിന്നീടു ദാവൂദിന്റെ ആജന്മ ശത്രുവായി തീരുകയുംചെയ്ത ഛോട്ടാ രാജനെ കൊലപ്പെടുത്താൻ ദാവൂദിനു വേണ്ടി കരുനീക്കങ്ങളെല്ലാം നടത്തി വന്നിരുന്നതു ഷക്കീൽ ആയിരുന്നു.
അനീസുമായി തർക്കം
2016ന്റെ മധ്യത്തിൽ, ഡി കമ്പനി ലെഫ്റ്റനന്റും ദാവൂദിന്റെ സഹോദരനുമായ അനീസ് ഇബ്രാഹിമിനു ദുബായിലെ ഡി കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ഷക്കീലുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
ഡികന്പനി നേതൃസ്ഥാനത്തുനിന്നു ഷക്കീലിനെ പുറത്താക്കാൻ അനീസ് ആഗ്രഹിച്ചു. എന്നാൽ, അനീസിന്റെ ശ്രമങ്ങളെ ചെറുക്കാൻ ഷക്കീൽ ഡി കമ്പനിക്കുള്ളിൽത്തന്നെ ഒരു വിഭാഗത്തെ തന്റെ ഒപ്പം നിർത്തി.
ഇവരുടെ തർക്കം കന്പനിയുടെ പ്രവർത്തനത്തെ വരെ ബാധിച്ചിരുന്നു. ഡി കമ്പനിയുടെ മറ്റ് ഉന്നത നേതാക്കൾ ആരുടെ ഉത്തരവുകൾ പാലിക്കണമെന്ന ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
പക്ഷേ, ദാവൂദ് ഷക്കീലിനെയും അനീസിനെയും ഒരുമിപ്പിച്ചു നിർത്തിക്കൊണ്ടാണു മുന്നോട്ടുപോയത്.
ഷക്കീലിന്റെ ചിത്രം
ഷക്കീലിന്റെ ഫോട്ടോകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശം കാര്യമായി ഇല്ലായെന്നതാണ് ശ്രദ്ധേയം. ഷക്കീലിന്റെ വളരെ ചെറുപ്പത്തിലേയുള്ള ചില ഫോട്ടോകൾ മാത്രമാണ് ഇപ്പോഴും അന്വേഷണ ഏജൻസികളുടെ കൈവശം ഉള്ളത്.
നാലു പതിറ്റാണ്ട് അടുക്കാറായിട്ടും അന്വേഷകർക്കു ഷക്കീലിന്റെ ചിത്രം പോലും സംഘടിപ്പിക്കാൻ കഴിയാത്തത് ഇയാളുടെ സാമർഥ്യത്തിന്റെ തെളിവായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്.
വെള്ളിവെളിച്ചത്തിൽ വരാതെ അണിയറയിൽനിന്നു ദാവൂദിനു വേണ്ടി കാര്യങ്ങൾ നിർവഹിക്കുന്നതുകൊണ്ടാവാം ഷക്കീലിന്റെ ചിത്രങ്ങൾ കൂടുതലും ലഭിക്കാതെ പോയത്.
ഇന്നും ദാവൂദിനോടൊപ്പം അണിയറയിലിരുന്നു ഛോട്ടാ ഷക്കീൽ ലോകമെങ്ങും അധോലോക പ്രവർത്തനം നടത്തുന്നുണ്ടെന്നു തന്നെയാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.
ദാവൂദും ഷക്കീലും വേർപിരിഞ്ഞതായി ഒരു വാർത്തയും ഇടയ്ക്കു പ്രചരിച്ചെങ്കിലും ഇതൊന്നും ഒൗദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.