പഴയന്നൂർ: ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ രണ്ടുമാസക്കാലമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാർഡിലെ തൊഴിലാളികൾ ബിഡിഒയെ ഘരാവോ ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ എത്രയും പെട്ടെന്ന് തൊഴിൽ നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് ബിഡിഒ കത്ത് നൽകി.
നഷ്ടപ്പെടുത്തിയ തൊഴിലിന് ആനുപാതികമായി വേതനം നൽകുന്നതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതിനാൽ തൊഴിലാളികൾ ഉപരോധം അവസാനിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളി കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ.മുരളീധരൻ, യൂണിയൻ ജില്ലാ സെക്രട്ടറി ടി. നിർമല, വി.കെ. ശ്രീകുമാർ, കെ.എം. സെയ്താലി, സി. വെള്ള, ഒ.കെ. ഷീന, സജിമോൾ തുടങ്ങിയവർ സംസാരിച്ചു.