വീട്ടില്‍ കൊച്ചുകുഞ്ഞുങ്ങളുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. കൊച്ചുകുട്ടികളെ ബോധംകെടുത്തി തട്ടിക്കൊണ്ടുപോകുന്ന അന്യസംസ്ഥാന യാചക സ്ത്രീകളുടെ സംഘം കേരളത്തില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം എറണാകുളം പള്ളുരുത്തിയില്‍ ഇത്തരമൊരു ശ്രമം പരാജയപ്പെടുത്തിയത് അവസാനനിമിഷം. സംഭവത്തില്‍ ഇതരസംസ്ഥാന യാചകസംഘം പോലീസ് പിടിയിലായി. പള്ളുരുത്തി കല്ലുചിറയില്‍ അന്‍വറിന്റെ നാലു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്ശ്രമിച്ചെന്ന പരാതിയിലാണ് ആന്ധ്രാപ്രദേശ് സ്വദേശിനി ജംഗോളി (53) എന്ന സ്ത്രീയും കൂടെയുണ്ടായിരുന്ന രണ്ട് പുരുഷന്മാരും കസ്റ്റഡിയിലായത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യാചക സ്ത്രീയെ തോല്‍പ്പിച്ചത് മൂത്ത കുട്ടിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട്. കഴിഞ്ഞ 19 ന് അന്‍വറിന്റെ വീട്ടിലെത്തിയ ജംഗോളി മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഇളയകുട്ടിയെ കൈയില്‍ കടന്നുപിടിച്ചിരുന്നു. മൂത്തകുട്ടി എത്തി കുട്ടിയെ രക്ഷിച്ചതോടെ ജംഗോളിയും സംഘവും മുങ്ങി. എന്നാല്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. റോഡില്‍വച്ച് ജംഗോളിയെ കണ്ട നാട്ടുകാര്‍ വളഞ്ഞുകൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നും ക്ലോറോഫോം അടക്കമുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പരിസരത്തുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ മറ്റുരണ്ടുയാചകരേയും പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. പരാതി നല്കാന് ആദ്യം വിസമ്മതിച്ച അന്‍വര്‍ നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് ഒടുവില്‍ ഇന്നലെ പരാതി നല്‍കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ വച്ച് കുട്ടി ജംഗോളിയെ തിരിച്ചറിഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.