ബിജു ഇത്തിത്തറ
കടുത്തുരുത്തി: ലോക്ഡൗണും കോവിഡും ഏറ്റവും കൂടുതല്‍ ബാധിച്ച വിഭാഗങ്ങളിലൊന്നാണ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് തൊഴിലാളികള്‍. ഒരു മാസമായി കടകള്‍ അടഞ്ഞു കിടക്കുന്നു.
സര്‍ക്കാര്‍ സഹായങ്ങള്‍ ഇവർക്ക് ലഭിച്ചിട്ടില്ല. ജില്ലയില്‍ മാത്രം വനിതകളുടേതുള്‍പ്പെടെ 2,000 സ്ഥാപനങ്ങളുണ്ട്. ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് സംഘടനകളിലുള്ളത് 3,000 അംഗങ്ങള്‍.
ഇതിനു പുറമേയാണ് അസോസിയേഷനില്‍ ഉള്‍പ്പെടാത്തവരും സ്ഥാപനങ്ങളും. ഒട്ടേറെയാളുകള്ക്കു ജോലി നല്‍കിയിരുന്ന ഈ മേഖല ലോക്ഡൗൺ ആയതോടെ പ്രതിസന്ധിയിലാണ്. ഇവ രുടെ തൊഴിൽ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകരാറിലായി.
ലോക്ഡൗണ്‍ കാലഘട്ടത്തിലെ കട വാടക, കറന്റ് ചാര്‍ജ് എന്നിവയില്‍ ഇളവു കിട്ടിയില്ലെങ്കില്‍ ഈ തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
മറ്റു പല മേഖലകളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചപ്പോള്‍ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്സുമാരെ പരിഗണിച്ചില്ല.
മുടിയും താടിയും വെട്ടേണ്ട ആവശ്യക്കാര്‍ ട്രിമ്മറും കത്രികയുമായി വീടുകളില്‍ സ്വന്തം പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചു. ഇതോടെ വീടുകളില്‍ ചെന്ന് മുടിയും താടിയും വെട്ടാന്‍ തയാറായ ബാര്‍ബര്‍മാര്‍ക്ക് പോലും ജോലി ഇല്ലാതായി.
ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാപനങ്ങളില്‍ ആളുകള്‍ വരാതായിരുന്നു. ഭൂരിഭാഗം ബ്യൂട്ടി പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്.
വാടക മുടങ്ങിയതിനാല്‍ കെട്ടിട ഉടമകള്‍ ഭീഷണി മുഴക്കുന്നു. വൈദ്യുതി ബില്‍, വെള്ളക്കരം തുടങ്ങിയവ മുടക്കമില്ലാതെ അടയ്ക്കേണ്ടിവരും.
ഈ മേഖലയില്‍ മാത്രം സംസ്ഥാനത്ത് 70,000 ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്കുകള്‍. ഭക്ഷണമടക്കമുള്ള ഇവരുടെ ചെലവുകളും ബാധ്യതയാകുകയാണ് സ്ഥാപന ഉടമകള്‍ക്ക്. അടച്ചിടല്‍ നീണ്ടതോടെ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന മേയ്ക്കപ്പ് കിറ്റുകളടക്കം നശിക്കുകയാണ്.
ഉപയോഗിക്കാവുന്ന കാലാവധി കഴിയുന്നതോടെ വലിയ നഷ്ടമാണുണ്ടാകുക. ബ്യൂട്ടീഷ്യന്മാര്ക്ക് പരിശീലനം നല്കുന്ന അക്കാദമികളും പ്രതിസന്ധിയിലാണ്.