ആലപ്പുഴ: ബീച്ചിലും പരിസരപ്രദേശങ്ങളിലും ഉല്ലാസത്തിനെത്തുന്നവരെ നിരീക്ഷിക്കാൻ സംവിധാനമൊരുങ്ങുന്നു. ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ ആശാസ്യകരമല്ലാത്ത പ്രവർത്തനങ്ങൾ നടക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും നിരീക്ഷണമേർപ്പെടുത്തണമെന്ന് ഉപദേശം ജില്ലാ വനിതാ സെൽ ഉപദേശക സമിതി യോഗത്തിൽ ഉയർന്നുവരുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞദിവസം ചേർന്ന വനിതാ സെൽ ഉപദേശക സമിതി യോഗത്തിലുയർന്ന പരാതികളുമായി ബന്ധപ്പെട്ട് വനിതാ സെൽ ബീച്ചിലും സമീപപ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ ആക്ഷേപങ്ങളിൽ കഴന്പുണ്ടെന്നു കണ്ടെത്തിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ വിദ്യാർഥികളായ സന്ദർശകരെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഏൽപ്പിക്കുകയും ചെയ്തിരുന്നു.
ബീച്ചിന്റെ തെക്കുഭാഗത്ത് കാറ്റാടി മരങ്ങൾ കൂട്ടമായി വളർന്നു നിൽക്കുന്ന സ്ഥലത്താണ് ആശാസ്യകരമല്ലാത്ത പ്രവർത്തനങ്ങളും വൈകുന്നേരമായാൽ മയക്കുമരുന്ന് മാഫിയായുടെ പ്രവർത്തനങ്ങളും നടത്തുന്നതായി വ്യാപക ആക്ഷേപമുള്ളത്.
പ്രദേശത്ത് സന്ധ്യയാകുന്നതോടെ ഇരുട്ട് വീഴുന്നതും വഴി വിളക്കുകൾ ഇല്ലാത്തതും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിമരുന്നാകുകയാണ്. ഈ സാഹചര്യത്തിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാനും വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.