കയ്പമംഗലം : അഴീക്കോട് മുനയ്ക്കൽ ബീച്ചിലെ അഴിമുഖം തൊട്ടടുത്തു കാണാൻ ഇനി ഭിന്നശേഷിക്കാർക്കും അവസരം. ബീച്ചിലെത്തുന്ന ഭിന്നശേഷിക്കാർക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കേരളത്തിലെ ഭിന്നശേഷി സൗഹൃദ ബീച്ചുകളിൽ ഒന്നായി മുനയ്ക്കൽ.മുസിരിസ് ഡോൾഫിൻ ബീച്ച്. ഇതിന്റെ പ്രഖ്യാപനവും ഭിന്നശേഷിക്കാർക്കായുള്ള കുടുംബസംഗമവും ടൈസണ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാർക്ക് തീരത്തേക്ക് എത്താൻ സൗകര്യപ്രദമായ രീതിയിൽ 26 റാംപുകളാണ് നിർമിച്ചിരിക്കുന്നത്. 330 മീ. നീളമുള്ള നടപ്പാത, മോട്ടോർ വീൽചെയറുകൾ, ക്രച്ചസുകൾ, വാക്കിംഗ് സ്റ്റിക്ക്, ബ്രെയിലി ലിപിയിലുള്ള ദിശാ സൂചകങ്ങൾ, കിയോസ്കി ടച്ച് സ്ക്രീൻ കൂടാതെ പാർക്കിംഗ് സൗകര്യവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്.
ബാരിയർ ഫ്രീ പദ്ധതി പ്രകാരം ഒന്പതു കോടി രൂപ ചെലവിട്ടു സം2021 ഓടെ കേരളത്തെ പൂർണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണു പദ്ധതിയുടെ ലക്ഷ്യം. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡണന്റ് പി.എം. അബ്ദുള്ള എന്നിവർ സംസാരിച്ചു.