വൈപ്പിൻ: ചെറായി, പള്ളത്താംകുളങ്ങര ബീച്ചുകളിൽ സന്ദർശനത്തിനെത്തുന്നവർ കടലിൽ പരിധിവിട്ട് കുളിക്കുന്നത് വൻ അപകടഭീഷണി ഉയർത്തുന്നതായി പരിസരവാസികൾ ചൂണ്ടിക്കാട്ടി. മധ്യവേനലവധിക്കാലമായതിനാൽ ബീച്ചിൽ സന്ദർശകരുടെ തിരക്ക് ഏറെയാണ്. മാത്രമല്ല കാലാവസ്ഥയും അനുയോജ്യമല്ല. വൈകുന്നേരമാകുന്പോൾ വൻതിരകളാണ് ഉയരുന്നത്.
ബീച്ചിൽ ലൈഫ് ഗാർഡുകൾ ഉണ്ടെങ്കിലും തിരക്കിനനുസരിച്ച് ഇവരുടെ സേവനം പര്യാപ്തമല്ല. പലപ്പോഴും വൈകുന്നേരങ്ങളിൽ തിരക്ക് കൂടുന്പോൾ ഇവർക്ക് നിയന്ത്രിക്കാൻ കഴിയുന്നുമില്ല. മാത്രമല്ല ചെറായി ബീച്ചിൽ മാത്രമാണ് ലൈഫ്ഗാർഡിന്റെ സേവനമുള്ളത്. പള്ളത്താംകുളങ്ങര ബീച്ചിൽ ഉണ്ടായിരുന്ന സേവനം നിർത്തിവച്ചിരിക്കുകയാണ്. ഇവിടെയാകട്ടെ രാത്രി കഞ്ചാവുകാരുടെ വിഹാരകേന്ദ്രവുമാണ്.
ചെറായിയിലാകട്ടെ ലൈഫ് ഗാർഡുകളുടെ സേവനമുണ്ടെങ്കിലും ബീച്ചിന്റെ 500 മീറ്റർ പരിധിയിൽ മാത്രമെ ഇവർക്ക് ഡ്യൂട്ടിയുള്ളു. അതിനപ്പുറത്തേക്ക് ഇവരുടെ കണ്ണെത്തണമെന്നില്ല. എന്നാൽ ചെറായി ബീച്ചിന്റെ പ്രധാന ഭാഗത്തുനിന്നും വടക്കോട്ടും തെക്കോട്ടും മാറി കുളിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
വെക്കേഷൻ കാലമായതിനാൽ ജില്ലക്ക് പുറത്തുള്ളവരാണ് ഭൂരിഭാഗവും ഇവിടെ എത്തുന്നത്. രാത്രിയായാലും ഈ മേഖലയിൽ ടൂറിസ്റ്റുകൾ കുളിക്കുന്നതായി കാണാമെന്നാണ് പരിസരവാസികൾ പറയുന്നത്.