ആലപ്പുഴ: ബീച്ചില് പന്ത് തട്ടിക്കളിക്കുന്നതിനിടെ സമീപത്തിരുന്ന സ്ത്രീയുടെ നെറ്റിയില് കൊണ്ടതിന്റെ വൈരാഗ്യത്തില് 11 കാരിയെ മര്ദിച്ചതായി പരാതി. മകള് നേരിട്ട ദുരനുഭവത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ തോണ്ടന്കുളങ്ങര സ്വദേശിയായ ഷാഹിദയാണ് സൗത്ത് പോ ലീസില് പരാതി നല്കിയത്. ആലപ്പുഴ ബീച്ചില് ഈമാസം രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം.
കുടുംബസമേതം ബീച്ചിലെത്തിയ ഇവര് മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെയാണ് പന്ത് സമീപത്തിരുന്ന സ്ത്രീയുടെ നെറ്റിയില് കൊണ്ടത്. അടുത്തേക്ക് വിളിച്ചുവരുത്തി ഇരിക്കാന് പറഞ്ഞശേഷം മേലാല് ആവര്ത്തിക്കരുതെന്ന് പറഞ്ഞ് കവിളില് ശക്തിയായി അടിച്ചു. വേദനകൊണ്ട് പുളഞ്ഞ മകള് വിവരങ്ങള് പറഞ്ഞതോടെ സമീപത്തെ ഔട്ട് പോസ്റ്റില് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ധരിപ്പിച്ചാണ് മടങ്ങിയത്.
മുഖത്ത് നീരുവന്നതോടെ ആലപ്പുഴ ജനറല് ആശുപത്രിയില് ചികിത്സതേടി. 11 കാരിയുടെ കവിളിന് അടിച്ച സംഭവത്തില് സൗത്ത് പോലീസ് കേസെടുത്തു. അപരിചിതയായ സ്ത്രീയെ കണ്ടെത്തത്തുന്നതിനായി തുടര് അന്വേഷണത്തിന് വനിതാ പോലീസിനു കൈമാറി. സ്ത്രീക്കെതിരേ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷാകര്ത്താവ് ചൈല്ഡ് ഹെല്പ് ലൈനില് പരാതി നല്കി.
കൈചൂണ്ടി ജംഗ്ഷന് പനയ്ക്കല് അഫ്സല്-ഷാഹിദ ദമ്പതികളുടെ ഇളയ മകള് ഫിദ ഫാത്തിമയെയാണ് (11) ഉപദ്രവിച്ചത്. കുട്ടിക്ക് മുഖത്ത് വേദന അനുഭവപ്പെട്ടതിനെതുടര്ന്ന് ചികിത്സ തേടിയിരുന്നു. ചൈല്ഡ് വെല്ഫെയര് കമ്മിറ്റി അന്വേഷണം നടത്തും.