കൊല്ലം :ബീച്ചില്‍ രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിന് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തീരസുരക്ഷാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ബീച്ചിനുള്ളില്‍ ലൈറ്റുകള്‍ സ്ഥാപിക്കേണ്ട പ്രധാന ഇടങ്ങള്‍ കണ്ടെത്താന്‍ ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലിസ്, പോര്‍ട്ട് വകുപ്പുകളെ ചുമതലപ്പെടുത്തി.
രണ്ടു ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ആദ്യം നാലിടത്താണ് ലൈറ്റുകള്‍ സ്ഥാപിക്കുക. ജനപ്രതിനിധികളുടെ പണം വിനിയോഗിച്ച് ഇവിടങ്ങളിലും ആവശ്യമുള്ള കൂടുതല്‍ സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കും.മനുഷ്യക്കടത്ത് നടത്താനുള്ള സാഹചര്യം തടയുന്നതിനായി ബോട്ടുകള്‍ നിരീക്ഷിക്കണമെന്നും. സാധന സാമഗ്രികള്‍ അനധികൃതമായി കടത്തുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
മയക്കുമരുന്ന് കടത്ത് ഇല്ലാതാക്കുന്നതിന് ചെറു തോണികള്‍ വരെ പരിശോധിക്കേണ്ടതുണ്ട്.തീര്‍ഥാടനം, വിനോദസഞ്ചാരം തുടങ്ങിയവയ്ക്ക് വിനിയോഗിക്കുന്ന പുതിയ സ്ഥലങ്ങളിലെ സ്ഥിതിഗതിയും വിലയിരുത്തണം. തുരുത്തുകളിലും ദ്വീപുകളിലുമാണ് ശ്രദ്ധ ചെലുത്തേണ്ടത്.
ബോട്ടുകളുടെ രജിസ്ട്രേഷന് നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. രജിസ്റ്റര്‍ ചെയ്യാത്ത യാനങ്ങള്‍ അനുവദിക്കില്ലെന്നും ബോട്ട് നിര്‍മാണ കേന്ദ്രങ്ങളും നിയമപരമായ അനുമതിയോടെ മാത്രം പ്രവര്‍ത്തിക്കണമെന്നും കളക്ടർ നിർദേശിച്ചു.യാഡുകളുടെ രജിസ്ട്രേഷന് വിവരങ്ങളും ശേഖരിക്കണം. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിറുത്തി വയ്ക്കണം.
തീരശുചിത്വം ഉറപ്പാക്കാനും നടപടി സ്വീകരിക്കണം. മാലിന്യ നിക്ഷേപം നിയന്ത്രിക്കാന്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം കൂടുതല്‍ ശക്തിപ്പെടുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.