ആരുടേയും കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ഇന്തോനേഷ്യയിലെ ബന്ദൂങ് മൃഗശാലയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. മൃഗശാലയില്‍ കഴിയുന്ന പട്ടിണിക്കോലങ്ങളായ നാലു കരടികള്‍ ഭക്ഷണത്തിനായി യാചിക്കുന്ന കാഴ്ചയാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണാനാകുക. ആരോഗ്യം തീരെയില്ലാത്ത കരടികള്‍ വിറയാര്‍ന്ന കൈകാലുകൡ നിന്നുകൊണ്ടാണ് സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്നവരോട് ഭക്ഷണത്തിനായി യാചിക്കുന്നത്.
കരടികള്‍ നില്‍ക്കുന്നത് അഴുക്കുചാലിനു തുല്യമായ കുളത്തിനു നടുവിലുള്ള സിമന്റ് തറയിലാണ്. ഇവിടെ ഇവയ്ക്ക് മറ്റു ഭക്ഷണമോ നല്ല വെള്ളമോ വച്ചിരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാനാകുന്നില്ല. എല്ലുന്തി അക്ഷരാര്‍ഥത്തില്‍ പട്ടിണിക്കോലങ്ങളായ കറുത്ത കരടികളുടെ ഗണത്തില്‍ പെട്ട ഈ കരടികളുടെ അവസ്ഥ പരിതാപകരമാണ്. ഇവയ്ക്കു വേണ്ട ഭക്ഷണമോ വെള്ളമോ നല്‍കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കടുത്ത അവഗണനയാണ് മൃഗശാലാ അധികൃതരുടെ ഭാഗത്തു നിന്നുള്ളത്. ഇന്തോനേഷ്യയിലെ ജാവയിലാണ് ബന്ദൂങ് മൃഗശാല സ്ഥിതി ചെയ്യുന്നത്.
മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. കരടികളെ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ഈ സംഘം ആവശ്യപ്പെട്ടെങ്കിലും മൃഗശാലാ അധികൃതര്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കരടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതിനെതിരെ മേയര്‍ക്ക് പരാതി നല്‍കുന്നതിനായി ഓണ്‍ലൈന്‍ പെറ്റീഷനും സംഘടന ആരംഭിച്ചിട്ടുണ്ട്. കരടികളുടെ ദയനീയ ദൃശ്യങ്ങള്‍ കണ്ട് നിരവധി പേരാണ് ഓണ്‍ലൈന്‍ പെറ്റീഷന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നത്. കരടികളുടെ കാര്യത്തില്‍ ഉടന്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ പ്രതീക്ഷ.