ലഹരിത്തേന്‍ കുടിച്ച് ലക്കുകെട്ട കരടിക്കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡൂസിലാണ് സംഭവം. ലഹരിത്തേന്‍ കുടിച്ച ശേഷം ചലിക്കാനാകാതെ ഒരു വാഹനത്തിന്റെ പിറകിലാണ് പെണ്‍കരടി കയറിയിരുന്നത്.
മാഡ് ഹണി എന്നും ഡേലി ബാല്‍ എന്നുമറിയപ്പെടുന്ന ലഹരിത്തേന്‍ ഹിമാലയന്‍ താഴ്വരകളിലും തുര്‍ക്കിയിലും മാത്രമാണ് കണ്ടുവരുന്നത്.
ഇവിടെയുള്ള ചില റോഡോഡെന്‍ഡ്രണ്‍ സസ്യങ്ങള്‍ തങ്ങളുടെ തേനില്‍ ഗ്രേയാനോ ടോക്സിന് എന്ന ലഹരിയുള്ള രാസസംയുക്തം ഉത്പാദിപ്പിക്കും.
ഈ ചെടികളിലെ പൂന്തേന്‍ തേനീച്ചകള്‍ കുടിക്കുന്നതാണ് ലഹരിത്തേന്‍ അഥവാ മാഡ് ഹണിക്ക് കാരണമാകുന്നത്.
ചുവന്ന ചെളിയുടെ നിറമുള്ള ഈ തേനിന് ചവര്‍പ്പു രുചിയും ശക്തമായ ഗന്ധവുമാണ്. ഇത് സസ്തനികളില്‍ ലഹരിക്ക് വഴിവയ്ക്കും.
ഇത്തരം തേന്‍ ഒരു സ്പൂണ്‍ അളവില്‍ പോലും നേരിട്ടോ വെള്ളത്തില്‍ കലര്‍ത്തിയോ ഭക്ഷിക്കുന്നത് ശക്തമായ മത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഡൂസിലെ പെണ്‍കരടി ഈ തേന്‍ അളവില്‍ കൂടുതല്‍ കുടിച്ചതാണ് ദീര്‍ഘനേരം മത്തടിച്ചിരുന്നതിനു കാരണമായത്. യൂറോപ്യന്മാര് ഈ തേനിനെ മിയല്‍ ഫോ എന്നാണു വിളിച്ചിരുന്നത്.
ഒരുപാടളവില്‍ ഈ തേന്‍ ഉള്ളില്‍ ചെല്ലുന്നത് രക്ത സമ്മര്‍ദത്തില്‍ വലിയ ഇടിവുണ്ടാകാന്‍ കാരണമാകും. അതോടൊപ്പം തന്നെ ബോധക്കേട്, നാഡീക്ഷതം തുടങ്ങിയവയ്ക്കും വഴിവയ്ക്കും.
ചില അപൂര്‍വ സാഹചര്യങ്ങളില്‍ മരണത്തിനും ലഹരിത്തേന്‍ കാരണമായേക്കാം. തുര്‍ക്കിയില്‍ പ്രതിവര്‍ഷം ഒരു ഡസനോളം ആളുകള്‍ ഈ തേന്‍കുടിച്ച് അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കാറുണ്ട്.
ഒരു ലീറ്റര്‍ മാഡ് ഹണിക്ക് 120 ഡോളര്‍ വരെയൊക്കെ ബ്ലാക് മാര്‍ക്കറ്റില്‍ വില ലഭിക്കാറുണ്ടെന്നു പറയപ്പെടുന്നു.
പുരാതന കാലത്ത് തുര്‍ക്കിയിലൂടെ കടന്നു പോയ മറ്റു രാജ്യങ്ങളിലെ സൈനികര്‍ അബദ്ധത്തില്‍ ലഹരിത്തേന്‍ നുകര്‍ന്ന് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നേപ്പാളിലും ഈ തേന്‍ ലഭിച്ചുവരാറുണ്ട്.