റോം: ഇറ്റലിയിൽ വിനോദസഞ്ചരിയെ ആക്രമിച്ച കരടിയെ കൊല്ലാൻ പ്രവിശ്യാ സർക്കാരിന്റെ അനുമതി. ട്രെന്റ് പ്രവിശ്യയിലെ ഗാർദാ തടാകത്തിനടുത്ത് വിനോദസഞ്ചാരിയെ ആക്രമിച്ച കരടിയെ കൊല്ലാനാണ് അനുമതി നൽകിയത്.
കഴിഞ്ഞ 16ന് ദ്രോ ഗ്രാമത്തിലെ വനപാതയിൽ വച്ചാണ് മൂന്നു കുഞ്ഞുങ്ങളുമായി ഒരു പെൺകരടി 43കാരനായ ഫ്രഞ്ച് വിനോദസഞ്ചാരിയെ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സഞ്ചാരിയെ ഹെലികോപ്റ്ററിൽ ട്രെന്റിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കെജെ വൺ എന്നുപേരുള്ള കരടി കുറേനാളായി അക്രമാസക്തയാണെന്ന് വനപാലകർ പറഞ്ഞു. കരടിയെ കൊല്ലാൻ ഉത്തരവിട്ട പ്രവിശ്യ പ്രസിഡന്റ് മൗറിസ്യോ ഫുഗാത്തി പ്രദേശത്ത് സുരക്ഷ ഉറപ്പുവരുത്താൻ വനപാലകരോട് നിർദേശിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് കരടിയുടെ ആക്രമണത്തിൽ ഒരു വിനോദസഞ്ചാരി കൊല്ലപ്പെട്ടിരുന്നു. ട്രെന്റ് പ്രവിശ്യയിൽ 100 കരടികൾ ഉണ്ടെന്നാണു കണക്ക്. യൂറോപ്പിൽ ഏറ്റവുമധികം സംരക്ഷണമുള്ള വന്യമൃഗങ്ങളിലൊന്നാണ് കരടി.