മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടി ഇറങ്ങി. ബൈക്കിൽ വന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ ആദ്യം പരിഭ്രമിച്ചെങ്കിലും കരടിയിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കർഷകൻ സ്ഥാപിച്ച തേനീച്ച കൂടുകൾ കഴിഞ്ഞദിവസം കരടി നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം പന്തല്ലൂർ അത്തിക്കുന്നിൽ കരടിയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടിയിരുന്നു. രണ്ട് മാസമായി പ്രദേശത്ത് കരടി ശല്യം രൂക്ഷമായിരുന്നു. ആളുകൾക്ക് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. 15 വീടുകളുടെയും ഏഴ് കടകളുടെയും വാതിലുകൾ കരടി തകർത്തിരുന്നു. കരടി ശല്യം രൂക്ഷമായതോടെ വനപാലകർ കൂടുവെച്ച് കരടിയെ പിടികൂടുകയായിരുന്നു.
അതേസമയം, വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കുന്പോഴാണ് നിലമ്പൂരിൽ കരടി ശല്യം ഉണ്ടായത്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്ന് സ്ഥലത്ത് കടുവയെ പിടികൂടാനായി കൂടൊരുക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം പാലക്കാട് ധോണിയിൽ പുലിയിറങ്ങി. ചേറ്റിൽവെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തി.