കാട്ടുതീയിൽ നിന്ന് തന്നെ രക്ഷിച്ച മനുഷ്യനെ വിട്ടുപോകാതെ, നന്ദിയോടെ അദ്ദേഹത്തിന്റെ കാലിൽ ചുറ്റിപ്പിടിക്കുന്ന കരടി കുട്ടന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ലോകം കണ്ടതാണ്.
ഓസ്ട്രേലിയയെ വിഴുങ്ങിയ കാട്ടുതീയിൽനിന്ന് തന്നെ രക്ഷിച്ചയാളെ വിട്ടുപോകാൻ തയാറാകാതെ കുട്ടി കരടി എന്ന അടിക്കുറിപ്പോടെയാണ് ജൂലി മാരി കാപ്പില്ലോ എന്ന യുവതി വീഡിയോ ട്വീറ്റ് ചെയ്തത്. വെറും പതിനഞ്ചു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ നിരവധിപേർ ഇതിനോടകം ഷെയർ ചെയ്തു കഴിഞ്ഞു.
എന്നാൽ 2020 ജനുവരി ഒന്നിന് ട്വിറ്ററിൽ എത്തിയ ഈ വീഡിയോയ്ക്കു പിന്നിലെ സത്യം മറ്റൊന്നാണ്. ഇതിന് ഓസ്ട്രേലിയയിൽ പടർന്ന കാട്ടുതീയുമായി യാതൊരുവിധ ബന്ധവുമില്ല എന്നതാണ് വാസ്തവം. 2011ലാണ് ഈ വീഡിയോ ആദ്യമായി സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. അതായത് ഒൻപതു വർഷം മുൻപ് റെക്കോർഡ് ചെയ്ത വീഡിയോ ആണിത്.
‘രസകരമായ ഒരു കരടി ആക്രമണം’ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ അന്ന് യൂട്യൂബിൽ ആരോ അപ്ലോഡ് ചെയ്തത്. ഈ വീഡിയോയുടെ ഒരു ചെറിയ ഭാഗമാണ് ഇപ്പോൾ ഒസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്ന് രക്ഷിക്കപ്പെട്ട കുട്ടിക്കരടി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
സമൂഹമാധ്യമങ്ങളിൽ നമ്മൾ പങ്കുവയ്ക്കുന്ന വാർത്തകളും വിശേഷങ്ങളുമെല്ലാം യഥാർഥമല്ല എന്ന് ഒരിക്കൽക്കൂടി മനസിലാക്കി തരുന്നതാണ് ഈ സംഭവം. യഥാർത്ഥ വാർത്തകളേക്കാൾ വേഗത്തിലാണ് വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. അതുകൊണ്ടു തന്നെ ഇനി ഇത്തരം വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനു മുൻപ് സത്യാവസ്ഥ എന്താണെന്ന് തിരക്കുന്നതിനായി അല്പസമയം നീക്കിവയ്ക്കാം.