താടിയും മീശയും വളര്‍ത്തുക എന്നത് പുരുഷന്മാരുടെ വലിയ ആഗ്രഹമാണ്. പലരും താടി വളരാത്തതുകൊണ്ട് മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അസൂയ തോന്നും വിധത്തിലാണ് എറിന്‍ ഹണിക്കട്ട് എന്ന യുവതിയുടെ താടി.
അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ ഹണികട്ട് ലോകത്തിലെ ഏറ്റവും വലിയ താടിയുള്ള വനിത എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയാണ്.
11.81 ഇഞ്ച് നീളമാണ് ഹണികട്ടിന്റെ താടിക്കുള്ളത്. സമൂഹത്തില്‍ നിന്നുണ്ടാകുന്ന എല്ലാ എതിര്‍പ്പുകളെയും മറികിടന്നാണ് ഇവര്‍ താടി വളര്‍ത്തിയത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് യുവതിയുടെ മുഖത്തെ അമിത രോമ വളര്‍ച്ചയ്ക്ക് കാരണം.
താടി വളര്‍ത്താന്‍ ഹോര്‍മോണുകളോ സപ്ലിമെന്റുകളോ ഹണികട്ട് ഉപയോഗിച്ചിട്ടില്ല. ആദ്യം രോമവളര്‍ച്ച വലിയ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഇപ്പോള്‍ ഹണികട്ടിന് അതൊരു പ്രശ്‌നമേയല്ല.
മുഖത്ത് അമിതമായി രോമവളര്‍ച്ച തുടങ്ങിയത് പതിമൂന്നാം വയസിലായിരുന്നു. ഇത് മാനസികമായി അവരെ തളര്‍ത്തി. തുടര്‍ന്ന് താടി രോമങ്ങള്‍ വളരുന്നതനുസരിച്ച് അവര്‍ ഷേവ് ചെയ്യാനും തുടങ്ങി.
തുടര്‍ച്ചയായ പത്ത് വര്‍ഷം താടിരോമങ്ങളില്‍ നിന്നും രക്ഷപ്പെടുവാനായി പല മാര്‍ഗങ്ങളും ഹണികട്ട് പരീക്ഷിച്ച് നോക്കി.
ഇതിന്റെ ഫലമായി തന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞതോടെ ഹണികട്ട് ശ്രമങ്ങളെല്ലാം അവസാനിപ്പിച്ചു. അങ്ങനെ തന്റെ ജീവിതപങ്കാളിയുടെ പ്രോത്സാഹനത്തോടെ ഹണികട്ട് താടി നീട്ടി വളര്‍ത്താന്‍ തുടങ്ങി. ഇടയ്ക്ക് താടിയുടെ നീളം ഇവര്‍ കുറയ്ക്കുമായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷക്കാലമായി താടിയില്‍ ഒരു മിനുക്കുപണികളും ഇവര്‍ ചെയ്തിട്ടില്ല.