കരടിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനു പിന്നാലെ സ്ലൊവാക്യയിലെ കരടികളിൽ നാലിലൊന്നിനെയും വെടിവച്ചു കൊല്ലാൻ തീരുമാനം. 1300 കരടികൾ രാജ്യത്തുണ്ടെന്നും ഇതിൽ 350 എണ്ണത്തെ ഇല്ലാതാക്കാൻ മന്ത്രിസഭ തീരുമാനിച്ചെന്നും പ്രധാനമന്ത്രി റോബർട്ട് ഫിസോ അറിയിച്ചു. വനമേഖലയിൽ പോകാൻ ജനം ഭയക്കുന്ന രാജ്യത്ത് ജീവിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ സ്ലൊവാക്യയിലെ ഡെറ്റ്വ പട്ടണത്തിൽ അന്പത്തൊന്പതുകാരൻ മരിച്ച സംഭവമാണു സർക്കാരിന്റെ തീരുമാനത്തിനു കാരണം. ശനിയാഴ്ച വനമേഖലയിൽ നടക്കാൻ പോയ ഇദ്ദേഹത്തിന്റെ മൃതദേഹം പിറ്റേന്നു കണ്ടെത്തുകയായിരുന്നു. കരടിയാക്രമണത്തിലാണു മരണം സംഭവിച്ചതെന്നു ബുധനാഴ്ച സ്ഥിരീകരിച്ചു.
നാട്ടിലിറങ്ങുന്ന കരടികളെ കൊല്ലാനുള്ള അനുമതി സ്ലൊവാക്യൻ സർക്കാർ നേരത്തേ നല്കിയിട്ടുള്ളതാണ്. ഇതു പ്രകാരം കഴിഞ്ഞവർഷം 93 കരടികളെ വെടിവച്ചുകൊന്നു. സംരക്ഷിത ഇനത്തിൽപ്പെട്ട തവിട്ടുകരടികളെ കൊന്ന് എണ്ണം കുറയ്ക്കാനുള്ള ഇപ്പോഴത്തെ തീരുമാനം നിയമവിരുദ്ധമാണെന്ന ആരോപണവുമായി പരിസ്ഥിതി സംരക്ഷണ സംഘടനകൾ രംഗത്തുണ്ട്.