റെഡ് മീറ്റ് ഇഷ്ടപ്പെടുന്നവരാണ് ചിലരെങ്കിലും. ബീഫും പോർക്കും മുയലുമൊക്കെ ധാരാളം കഴിക്കുന്ന ആളുകളും നമുക്കിടയിലുണ്ട്. എന്ത് വിശേഷം വന്നാലും നോൺവെജ് ഇല്ലാതെ എന്താഘോഷം എന്നാണ് അത്തരക്കാരുടെ അഭിപ്രായം.
എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ ഒരു പാർട്ടിക്ക് വിളന്പിയ വിഭവം കേട്ടാൽ നമ്മൾ ഞെട്ടും. അത് മറ്റൊന്നുമല്ല കരടി ഇറച്ചിയാണ്. ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന കരടി ഇറച്ചിയാണ് പരിപാടിക്കിടെ വിളമ്പിയത്.
എന്നാൽ ഇത് കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ ആറ് പേർക്ക് ദേഹാസ്വസ്ത്യം ഉണ്ടായി. ഛർദ്ദി, വയറിളക്കം, തല കറക്കം എന്നിവ അനുഭവപ്പെട്ടതോടെ ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.
അപൂർവമായി കാണുന്ന നാടവിരബാധയാണ് കുടുംബാംഗങ്ങൾക്ക് പിടിപെട്ടത്. ഇറച്ചി കഴിക്കാതെ അതിനൊപ്പമുണ്ടായിരുന്ന പച്ചക്കറികൾ മാത്രം കഴിച്ച രണ്ട് പേരും ആശുപത്രിയിലായി. വിരയുള്ള ഭക്ഷണം കഴിച്ചാൽ പത്ത് ദിവസത്തിനകം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പിടിപെടും. അത് പിന്നീട് ഹൃദയാഘാതത്തിലേക്ക് എത്തുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. ഹൃദയം, വൃക്ക എന്നിവ വിരബാധയേ തുടർന്ന് തകരാറിലാവും. മരണം പോലും സംഭവിക്കാം.