കൊച്ചി: ഡ്യൂട്ടി സമയത്ത് അടിച്ച് ഫിറ്റായ കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ രണ്ടു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്പെഷന്.
സിറ്റി മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിലെ സീനിയര്‍ സിപിഒമാരായ മേഘനാഥന്, രാജേഷ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
എആര്‍ ക്യാമ്പില്‍ പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പത്തു ദിവസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു.
ഇത് സ്ഥിരീകരിച്ച ശേഷമാണ് സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30-ന് എആര്‍ ക്യാമ്പില്‍ മിന്നല്‍ പരിശോധന നടത്തിയത്.
ക്യാപിലെ വിശ്രമമുറിയില്‍ രണ്ടു ഉദ്യോഗസ്ഥരും മദ്യപിച്ചു ലക്കുകെട്ട നിലയിലാണ് പരിശോധനയ്ക്കെത്തിയ സംഘം കണ്ടത്. ഒരാളുടെ കൈയില്‍ മദ്യം നിറച്ച ഗ്ലാസ് ഉണ്ടായിരുന്നു.
മറ്റേയാള്‍ അര്‍ധബോധാവസ്ഥയില്‍ നിലത്തു വീണുകിടന്ന് പിച്ചും പേയും പറയുന്നുണ്ടായിരുന്നു. 750 മില്ലിയുടെ മദ്യകുപ്പിയില്‍ 150 മില്ലി മദ്യം മാത്രമേ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ.
തുടര്‍ന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
മദ്യ സാന്നിധ്യം കണ്ടെത്തിയതോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഇരുവര്‍ക്കുമെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.