ആലപ്പുഴ:∙ ആലപ്പുഴ ചന്തിരൂരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ നിലയിൽ. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് (28) ആണ് കൊല്ലപ്പെട്ടത്.
ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഫെലിക്സ്. വ്യാഴാഴ്ച രാത്രി വീട്ടിൽനിന്ന് സുഹൃത്തുക്കൾ വിളിച്ചുകൊണ്ടുപോയിരുന്നു. മുഖത്ത് മുറിവേറ്റ നിലയിലാണ് ഫെലിക്സിനെ കണ്ടെത്തിയത്.
ടൈൽസ് ജോലിക്കാരനാണ് ഫെലിക്സ്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാറിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. ഇതിനുപിന്നാലെ ഏതാനും സുഹൃത്തുക്കൾ ബൈക്കിലെത്തി ഫെലിക്സ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.
ഒഴിഞ്ഞ സ്ഥലത്ത് ഇവർ മദ്യപിക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ സിമന്റ് കട്ട കൊണ്ട് ഫെലിക്സിന്റെ മുഖത്തടിച്ച് ഉപേക്ഷിച്ചുവെന്നുമാണ് വിവരം.
നാട്ടുകാരാണ് ഫെലിക്സ് ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 ഓടെ മരിച്ചു.
സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കഞ്ചാവ് കേസിൽ ഉൾപ്പെടെ പ്രതിയാണ് മരിച്ച ഫെലിക്സ്.