കൊച്ചി: ബ്യൂട്ടി പാർലറിനുനേരെ വെടിവയ്പ്പുണ്ടായ സംഭവത്തിൽ ഉടമയും നടിയുമായ ലീന മരിയ പോളിനെ രണ്ടാമതും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സംഭവുമായി ബന്ധപ്പെട്ട ചില ദുരൂഹത മാറ്റുന്നതിനും തുടർ അന്വേഷണങ്ങൾക്കുമായി നടിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.
മണിക്കൂറുകൾ നീണ്ടുനിന്ന ആദ്യ മൊഴിയെടുക്കലിൽ കൂടുതൽ പരിശോധന നടത്തിയ പോലീസിനു ചില കാര്യങ്ങളിൽ സംശയം ഉള്ളതായാണു വിവരം. ഇതുൾപ്പെടെ കൂടുതൽ കാര്യങ്ങളിൽ വ്യക്തതവരുത്താണാണ് നടിയെ രണ്ടാമതും ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽതന്നെ ഇവർ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നാണു കരുതുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വെടിവയ്പിനു പിന്നിൽ മുംബൈ അധോലോക നായകൻ രവി പൂജാരിക്കു പങ്കുള്ളതായി സംശയിക്കുന്നതായും 25 കോടി രൂപ ആവശ്യപ്പെട്ടു തനിക്കു ഭീഷണി സന്ദേശങ്ങളുണ്ടായിരുന്നതായും നടി ആദ്യ ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതുൾപ്പെടെ അന്വേഷണ വിധേയമാക്കിയ പോലീസ് നടിയുടെ മൊഴി പൂർണമായും മുഖവിലയ്ക്കെടുത്തിരുന്നില്ല.
ഇതിനിടെ, 25 കോടിരൂപ നൽകി സംഭവം ഒതുക്കിതീർക്കാൻ നടിയുടെ ഭാഗത്തുനിന്നു ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വിവരം തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെമാത്രമേ ഇത് സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമാകൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാമെന്നു നേരത്തേതന്നെ നടി പോലീസിനെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
വരും ദിവസങ്ങളിൽതന്നെ ഇവർ എത്തുമെന്നാണു പോലീസ് പ്രതീക്ഷ. കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് പനന്പള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവയ്പുണ്ടായത്.ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു.
രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചാണ് പ്രതികളെത്തിയിരുന്നത്. പ്രാദേശിക ഗുണ്ടാസംഘത്തിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല.