ഹാരിപോട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി എമ്മ വാട്‌സന്‍ നായികയായെത്തിയ ഡിസ്‌നി ചിത്രം ബ്യട്ടി ആന്‍ഡ് ദ ബീസ്റ്റ് റിക്കാര്‍ഡ് കളക്ഷനിലേക്ക്. ചിത്രം ഈ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ എമ്മയ്ക്ക് 15 ദശലക്ഷം ഡോളര്‍(100 കോടി രൂപ) പ്രതിഫലം ലഭിക്കുമെന്നാണ് സൂചന. വാള്‍ഡ് ഡിസ്‌നിയുടെ കഥാപാത്രമായ ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് 1934ലാണ് ആദ്യമായി സിനിമയാകുന്നത്.
യുഎസില്‍ റിലീസായ മാര്‍ച്ച് 18ന് തന്നെ മികച്ച ഓപ്പണിങ് കളക്ഷന്‍ ചിത്രം നേടിയിരുന്നു. മൂന്ന് ദശലക്ഷം ഡോളറാണ് ചിത്രത്തിന്റെ പ്രതിഫലമായി എമ്മ വാട്സന് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം തീയറ്ററുകളില്‍ ലാഭം കൊയ്യുന്നത് തുടര്‍ന്നാല്‍ എമ്മയുടെ പ്രതിഫലവും കുത്തനെ ഉയരുമെന്നാണ് ഹോളിവുഡലെ സംസാരം.ബ്രിട്ടീഷ് നോവലിസ്റ്റ് ജെ. കെ റൗളിംഗിന്റെ നോവലായ ഹാരി പോട്ടറിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലൂടെയാണ് എമ്മാ വാട്‌സണ്‍ ശ്രദ്ധേയയായത്. ഹാരിപോട്ടറിലെ ഹെര്‍മിയോണ്‍ ഗോഞ്ചര്‍ എന്ന കഥാപാത്രം സിനിമാസ്വാദകരുടെ മനസില്‍ എമ്മയ്ക്ക് ചിരകാല സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു.
ഹാരിപോട്ടര്‍ സീരീസിനു ശേഷം എമ്മയ്ക്കു ലഭിക്കുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റിലെ ബെല്ല. ഈ പോക്ക് പോയാല്‍ ചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടായിരം കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്‍ കോന്‍ഡന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹെര്‍മിയോണിനേപ്പോലെ തന്നെ ബെല്ലയെയും ആരാധകര്‍ ഏറ്റെടുക്കുമെന്നാണ് എമ്മയുടെ പ്രതീക്ഷ.