സൗന്ദര്യ വർധനവിനായി ക്രീമുകൾക്ക് പുറമേ സർജറികളും ഇപ്പോൾ ആളുകൾ ചെയ്യാറുണ്ട്. ഇത്തരത്തിൽ കൂടുതൽ സുന്ദരിയായവരെയും സർജറി ചെയ്ത് പാളിപോയവരെയും സോഷ്യൽ മീഡിയയിൽ കാണാവുന്നതാണ്.
‘സൗന്ദര്യവർദ്ധക ശസ്ത്രക്രിയയിലൂടെ മുഖസൗന്ദര്യം വർദ്ധിപ്പിച്ച് സമ്പന്നരായ യുവാക്കളെ വിവാഹം കഴിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കൂ’ എന്നാണ് ഒരു സർജറി ക്ലിനിക്ക് അവരുടെ പ്രമോഷനായി ഉപയോഗിച്ച ടാഗ്ലൈൻ.
ഇത്തരത്തിൽ പരസ്യപ്രചരണം നടത്തിയ ചൈനയിലെ പ്ലാസ്റ്റിക് സർജറി ക്ലിനിക്കിനെതിരെ അധികൃതർ നടപടി സ്വീകരിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പരസ്യം പുറത്തിറക്കിയതിന് 3.35 ലക്ഷം രൂപയാണ് ക്ലിനിക്കിനെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഷാങ്ഹായ് ആസ്ഥാനമായുള്ള ജീൻ ബ്യൂട്ടി ബയോജനറ്റിക് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിനെതിരെയാണ് നടപടി സ്വീകരിച്ചത്.
ഈ കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ 2021 മുതൽ പ്രായം കുറയ്ക്കുന്നതിനുള്ള പോംവഴിയായി “റീബോൺ ബ്യൂട്ടി” കോസ്മെറ്റിക് സർജറിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എന്നാൽ, ഇപ്പോൾ കൂടുതൽ സൗന്ദര്യമുള്ള ആഡംബര പൂർണമായ മുഖം ഉണ്ടായാൽ സമ്പന്നരായ ചെറുപ്പക്കാരെ വിവാഹം കഴിക്കാനുള്ള സാധ്യത വർദ്ധിക്കും എന്ന കമ്പനിയുടെ പ്രചരണമാണ് വിവാദങ്ങൾക്ക് കാരണമായത്.
പരസ്യ നിയമങ്ങളുടെ ലംഘനത്തിനും പൊതുക്രമം തടസ്സപ്പെടുത്തിയതിനും സാമൂഹികമായ ധാർമ്മികത ലംഘിച്ചതിനും കമ്പനിക്ക് 30,000 യുവാനാണ്(3.5 ലക്ഷം രൂപ) പിഴ ചുമത്തിയത്. അതേസമയം, ചൈനയിലെ സാമൂഹികമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ഈ നടപടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.