വീട് അലങ്കരിക്കുക എന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. സ്വന്തം വീട് അലങ്കരിക്കുന്നതിനായി ചിലര്‍ കോടികള്‍ മുടക്കാന്വരെ തയാറാണ്, ചിലര്‍ പ്രകൃതിദത്തമായ അലങ്കാരമാണ് പ്രാവര്‍ത്തികമാക്കുന്നത്. എന്നാല്‍ ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങളും മറ്റും യാതൊരു ചെലവുമില്ലാതെ ഭംഗിയായിക്കിടക്കുന്നതിനെപ്പറ്റിയൊന്നു ചിന്തിച്ചുനോക്കൂ.. അതെ, ചൈനയിലാണ് ഇത്തരത്തിലുളള ഒരു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മുമ്പ് ജനവാസമുണ്ടായിരുന്നതും ഇപ്പോള്‍ വാസയോഗ്യമല്ലാത്തതുമായ ഷെങ്ഷാങ് ഐലന്‍ഡാണ് ഇത്തരത്തില്‍ അത്ഭുതം ജനിപ്പിച്ചിരിക്കുന്നത്.
കാഴ്ചയില്‍ നിരവധിപേരുടെ അധ്വാനമാണ് ഇതിനുപിറകില്‍ എന്നു തോന്നിപ്പിക്കുമെങ്കിലും സ്വയം അലങ്കാരവസ്തുവായിരിക്കുകയാണ് ഇവിടത്തെ കെട്ടിടങ്ങള്‍. മുന്തിരിവളളികളാല് ചുറ്റപ്പെട്ട കെട്ടിടസമുച്ചയങ്ങളും ചുറ്റുപാടുകളും മനസിനു കുളിര്‍മ പകരുന്നതാണ്. കടലിന്റെ അരികിലുളള ഈ ഗ്രാമത്തിന്റെ ഫോട്ടോ ഷെങ്ഷാങിലുളള ഒരു ഫോട്ടോഗ്രാഫര്വഴിയാണ് ലോകജനതയ്ക്കു കാണുവാന്‍ സാധിച്ചത്. കെട്ടിടങ്ങളുടെ ഭിത്തികളും മറ്റും കല്ലുകൊണ്ട് നിര്‍മിതമാണ്.