കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ പങ്കുള്ളതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സംശയിക്കുന്ന ഡോക്ടറുടെ നില പരുങ്ങലിലേക്ക്. പ്രാഥമിക പരിശോധനകളിൽ ഇയാൾ ഡോക്ടറാണെന്ന് സ്ഥിരികരിക്കാനായിട്ടില്ലെന്നും കോഴ്സ് പൂർത്തീകരിച്ചില്ലെന്നുള്ള വിവരങ്ങളാണു ലഭിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നേരത്തേതന്നെ ചില വിവരങ്ങൾ കൈമാറിയ ഡോക്ടർക്ക് വെടിവയ്പ്പ് കേസുമായി ബന്ധമുണ്ടെന്ന സൂചനകളാണ് അധികൃതരിൽനിന്നും ലഭിക്കുന്നത്.
പോലീസിനു വിവരം കൈമാറുന്നയാൾ എന്ന പേരിൽ പോലീസിനോടടുത്ത ഡോക്ടർ ഇത് മറയാക്കി തട്ടിപ്പ് നടത്തുകയായിരുന്നോയെന്നും അധികൃതർ സംശയിക്കുന്നുണ്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹം പല വിവരങ്ങളും കൈമാറിയിരുന്നു. മൊഴിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും പലകുറി ഒഴിഞ്ഞുമാറി. അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസിലാക്കി ഡോക്ടർ ഒളിച്ചുകളിക്കുകയായിരുന്നോയെന്ന് സംശയിക്കുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.
ഇതുൾപ്പെടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ കുരുക്കുകൾ അഴിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇയാളുടെ കൊല്ലത്തെ വീട്ടിൽ പരിശോധന നടത്തിയത്. കേസ് അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ചില തെളിവുകൾ അധികൃതർക്ക് ലഭിച്ചതായാണു വിവരം. വീട്ടുകാരിൽനിന്നും കൂടുതൽ വിവരങ്ങൾ ആരാഞ്ഞ അന്വേഷണ സംഘം ഡോക്ടർ വ്യാജനാണോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
വെടിവയ്പ്പിന് പിന്നിൽ കൊച്ചി സിറ്റി പോലീസിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇയാൾ അധികൃതരെ അറിയിച്ചിരുന്നതായാണു സൂചന. ഇത് അന്വേഷണം വഴിതെറ്റിക്കുന്നതിന്റെ ഭാഗമായാണോയെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ പറയുന്നു. ആദ്യഘട്ട അന്വേഷണത്തിൽ പോലീസുകാർക്ക് ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്.
ചില സിനിമകളെടുത്ത് പൊളിഞ്ഞതോടെ സാന്പത്തിക പ്രതിസന്ധിയിലായ ആളാണ് ഡോക്ടറെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതിനിടെ, മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയ്ക്കെതിരേയുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്നു സമർപ്പിക്കും.
ഉച്ചയോടെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സാന്പത്തിക കുറ്റകൃത്യങ്ങൾ) മുന്പാകെയാകും കുറ്റപത്രം സമർപ്പിക്കുക. രവി പൂജാരിയെമാത്രം പ്രതിയാക്കിയുള്ള കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിക്കുന്നതെന്നും ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായ രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിക്കണമെങ്കിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 15നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനുനേരെ ബൈക്കിലെത്തിയവർ വെടിവച്ചത്. രവി പൂജാരിയുടെ നിർദേശ പ്രകാരമാണ് കൃത്യം ചെയ്തെന്നു തെളിയിക്കാൻ ചില കുറിപ്പും സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്. അതിനിടെ, ഉത്തരവാദിത്വം ഏറ്റെടുത്തു രവി പൂജാരി തന്നെ രംഗത്തുവന്നിരുന്നെങ്കിലും വെടിവെച്ചത് ആരാണെന്നു ഇതുവരെ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.