കൊച്ചി: ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിൽ പ്രതികളുടെ ഫോണ് വിളികളുടെ പരിശോധന തുടരുന്നു. സംശയം തോന്നുന്ന നന്പറുകൾ നിരീക്ഷിച്ചുവരുന്നതായും പരിശോധനകൾ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതിനിടെ, അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
വെടിവയ്പ്പിനുശേഷം പ്രതികൾ മുംബൈയിലേക്ക് ഫോണ്വഴി ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായാണു പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണു പനന്പിള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു.
രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചാണു പ്രതികളെത്തിയിരുന്നത്. പ്രാദേശിക ഗുണ്ടാസംഘത്തിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഏതാനും ദിവസംമുന്പ് ബ്യൂട്ടി പാർലർ വെടിവയ്പ്പ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്ന രവി പൂജാരി പിടിയിലായെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ഇതിന്റെ സ്ഥിരീകരണത്തിനായി അന്വേഷണസംഘം ഇൻറർപോളിനു കത്തു നൽകി. ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐക്കാണ് കത്ത് നൽകിയിട്ടുള്ളത്. ഇതിനു മറുപടി ലഭിച്ചിട്ടില്ലെന്നും അറസ്റ്റു സ്ഥിരീകരിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ഇയാളെ ഇന്ത്യയിലെത്തിച്ചാൽ കസ്റ്റഡിയിൽ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും. വർഷങ്ങളായി വിവിധ അന്വേഷണ ഏജൻസികൾ തെരയുന്ന രവി പൂജാരിയെ ആഫ്രിക്കൻ രാജ്യമായ സെനഗലിൽനിന്ന് പിടികൂടിയെന്നാണു പുറത്തുവന്ന വിവരങ്ങൾ.