തൃശൂർ : ചാലക്കുടി ബ്യൂട്ടിപാർലർ മയക്കുമരുന്നു വിവാദ കേസിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയത് അടുത്ത ബന്ധുവിന്റെ സുഹൃത്താണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതോടെ അന്വേഷണം വീണ്ടും ഷീലയുടെ അടുത്ത ബന്ധുവിലേക്ക് എത്തുന്നു.
കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷീലസണ്ണിയുടെ ചാലക്കുടി ബ്യൂട്ടിപാർലറിലേക്ക് എക്സൈസ് സംഘമെത്തി ഷീലയെ എൽഎസ്ഡി സ്റ്റാന്പുകൾ കണ്ടെത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നത്.
പന്ത്രണ്ട് എൽഎസ്ഡി സ്റ്റാന്പുകളായിരുന്നു അന്ന് എക്സൈസ് കണ്ടെത്തിയിരുന്നത്. കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്ന ആൾ ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്താണ്. ഇയാളാണ് ഷീലയുടെ കൈവശം മയക്കുമരുന്നുണ്ടെന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥനു കൈമാറിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണസംഘത്തിന്റെ തലവൻ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ടി.എം. മജു ഇക്കാര്യങ്ങൾ വിശദീകരിച്ച് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപിച്ചിട്ടുണ്ട്. ഇതിൽ ഇയാളെ പ്രതിചേർത്തിട്ടുണ്ട്. ഗൂഢാലോചനയിൽ ഷീലയുടെ ബന്ധുവും ഉൾപ്പെടുമെന്നാണു സൂചന.
വിദേശ നന്പറിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥന് ഷീലയുടെ ബ്യൂട്ടിപാർലറിൽ മയക്കുമരുന്ന് ഇടപാടുണ്ടെന്ന രഹസ്യവിവരം വന്നത്. ഇയാൾ ബംഗളുരുവിലാണു താമസം.
ഷീലയുടെ ബന്ധുവും ഇയാളും അടുത്ത സുഹൃത്തുക്കാളാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. വ്യാജമയക്കുമരുന്നു കഥയും ഫോണ്വിളിയുമെല്ലാം ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് അന്വേഷണസംഘത്തിനു വിവരം കിട്ടിയിരിക്കുന്നത്. എറണാകുളം തൃപ്പൂണിത്തുറയിലാണ് ഇയാളുടെ വീട്.
ഷീലയുടെ ബന്ധുവായ യുവതിക്ക് ഒറ്റയ്ക്ക് ഇത്രയും കാര്യങ്ങൾ ചെയ്യാനാകുമോ എന്ന സംശയവും യുവതിയുടെ തൃപ്പുണിത്തുറയിലുള്ള ബാങ്ക് അക്കൗണ്് വിവരങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് അന്വേഷണം ഇയാളിലേക്കെത്തുന്നത്.
കഴിഞ്ഞവർഷം ഫെബ്രുവരി 27നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗിൽ സൂക്ഷിച്ച നിലയിൽ എക്സൈസ് സംഘം എൽഎസ്ഡി സ്റ്റാന്പുകൾ കണ്ടെത്തിയത്. അതേദിവസം അറസ്റ്റിലായ ഷീലയ്ക്ക് 72 ദിവസത്തെ ജയിൽവാസത്തിനുശേഷം മേയ് 10നാണ് ജാമ്യം കിട്ടിയത്. ജൂലായിൽ പുറത്തുവന്ന രാസപരിശോധനാഫലം നെഗറ്റീവായതോടെ കേസ് ചർച്ചയായി.
പരിശോധനാറിപ്പോർട്ട് സ്വീകരിച്ച് ഹൈക്കോടതി ഷീലയെ കുറ്റവിമുക്തയാക്കി. എന്നാൽ കേസിനു പിന്നലെ ഗൂഢാലോചന കണ്ടെത്തണമെന്ന് ആവശ്യം ശക്തമായതോടെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടു ക്കുകയായിരുന്നു.
സത്യം ലോകമറിയണം: ഷീല സണ്ണി
ചാലക്കുടി: സത്യം ലോകമറിയണം, അതു മാത്രമാണ് എനിക്കുവേണ്ടത്… ബ്യൂട്ടിപാർലർ വ്യാജലഹരിക്കേസിൽ പുതിയ വഴിത്തിരിവുണ്ടായതറിഞ്ഞ് ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി രാഷ്ട്രദീപികയോടു പ്രതികരിക്കുകയായിരുന്നു.
ഈ ലോകത്തിന് ഇനിയും സത്യം ബോധ്യപ്പെടാനുണ്ട്. കോടതി കുറ്റവിമുക്തയാക്കിയെങ്കിലും സത്യം ലോകത്തിനു മുന്നിൽ വെളിപ്പെടണം. എനിക്കും അതറിയണം.
ജയിലിൽ കിടന്നപ്പോൾ ആത്മഹത്യയെക്കുറിച്ചു വരെ ഞാൻ ചിന്തിച്ചിരുന്നു. എന്നെ ആശ്വസിപ്പിച്ചവരും എനിക്കുവേണ്ടി പ്രാർഥിച്ചവരും എന്റെ പ്രാർഥനകളുമാണ് എന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. എന്നെ എന്തിനാണ് ഈ കേസിൽ കുടുക്കിയത് എന്നാണെനിക്ക് അറിയേണ്ടത്.
ഇപ്പോൾ കേസിൽ പ്രതിചേർക്കപ്പെട്ടയാളുമായി എനിക്ക് യാതൊരു പരിചയവുമില്ല. എന്നിട്ടും അയാൾ എന്തിന് എന്നെ കുടുക്കാൻ കൂട്ടുനിന്നു എന്നെനിക്കറിയണം. എന്റെ നഷ്ടങ്ങൾക്ക് അതൊന്നും ഒരു പരിഹാരമാകില്ലെങ്കിലും സത്യങ്ങൾ എനിക്കും ഈ ലോകത്തിനുമറിയണം. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ – ഷീല സണ്ണി പറഞ്ഞു.