സ്വന്തം പ്രായം എപ്പോഴും കുറച്ചുകാണിക്കാനാണ് ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ശ്രമിക്കാറ്. ഒന്നോ രണ്ടോ കുട്ടികള്‍ കൂടിയായാല്‍ പിന്നെ പറയുകയും വേണ്ട. പക്ഷെ പ്രായം കൂടുന്തോറും അതിനൊപ്പം സഞ്ചരിച്ചല്ലേ പറ്റൂ എന്ന് കരുതാന്‍ വരട്ടേ. പ്രായത്തിന്റെ പകുതി തോന്നിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്നിലെ ജീവിക്കുന്ന തെളിവാണ് ലിയു യെലിന്‍ എന്ന 49കാരി. ചൈനക്കാരിയായ ലിയുവിന് 49 വയസായെങ്കിലും കാഴ്ചയില്‍ ഇപ്പോഴും കൗമാരക്കാരിയാണ്. 22കാരനായ ഒരു മകനുണ്ട് ലിയുവിന്. മകനൊപ്പം ലിയു പുറത്തിറങ്ങിയാല്‍ കാമുകിയാണോ എന്നാണ് മിക്കവരും ചോദിക്കുന്നത്. 50 വയസായെന്ന് പറഞ്ഞാല്‍ ആരും തന്നെ വിശ്വസിക്കുന്നില്ലെന്ന് ലിയു പറയുന്നു. ഈ പ്രായത്തിലും തിളക്കമാര്‍ന്ന ചര്‍മ്മവും ആകാരവടിവും ശരീരസൗന്ദര്യവും നിലനിര്‍ത്താന്‍ കഴിയുന്ന ലിയുവിന് സോഷ്യല്‍മീഡിയയില്‍ ആരാധകരേറെയാണ്.
ഷോപ്പിംഗിന് പോകുമ്പോള്‍ ആളുകളോട് യഥാര്‍ഥ പ്രായം വെളിപ്പെടുത്തേണ്ടി വന്നപ്പോഴൊക്കെ മിക്കവരും അത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ലിയു പറയുന്നു. തന്റെ യുവത്വത്തിന്റെ രഹസ്യം അറിയാന്‍ അപരിചിതര്‍ പോലും തനിക്ക് ചുറ്റും കൂടാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്താണ് ലിയുവിന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മൂന്ന് ദശകങ്ങളായി തുടരുന്ന ദിവസേനയുള്ള വ്യായാമമാണ് തന്റെ ആരോഗ്യത്തിന്റെയും ശരീരസൗന്ദര്യത്തിന്റെയും കാരണമെന്ന് ലിയു വെളിപ്പെടുത്തുന്നു. ‘ എല്ലാ ദിവസവും തടാകത്തില്‍ നീന്താന്‍ പോകും. കൂടാതെ ഭാരോദ്വഹനവും സ്ഥിരമായി ചെയ്യാറുണ്ട്. വിന്ററില്‍ ഔട്ട്ഡോറില്‍ നീന്തുകയെന്നത് ഇഷ്ട വ്യായാമമാണ്”, ലിയു പറഞ്ഞു. അതേസമയം സൗന്ദര്യവര്‍ധക വസ്തുക്കള്‍ യാതൊന്നും തന്നെ ഉപയോഗിക്കാറില്ലെന്നും ലിയു പറഞ്ഞു. 1985ലാണ് ലിയു ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. അന്ന് അവര്‍ക്ക് പ്രായം 17. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ലൈബ്രേറിയനായി പിരിയുമ്പോഴും കാഴ്ചയില്‍ ലിയു 17കാരി തന്നെയാണെന്ന് അവരെ അറിയാവുന്നവര്‍ പറയുന്നു.
മധ്യചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സിന്‍യാന്‍ഗില്‍ 1968ലാണ് ലിയു ജനിച്ചത്. നല്ലൊരു നീന്തലുകാരിയ ലിയു ചൈനയിലെ യാന്‍ഗ്ട്സീ നദിയിലും ദക്ഷിണകൊറിയയിലെ ഹാന്‍ നദിയിലും നീന്തിയിട്ടുണ്ട്. 2016 മാര്‍ച്ചില്‍ ഇവര്‍ മലാക്ക സ്ട്രെയിറ്റ് നീന്തികടന്ന് കടലില്‍ നീന്താനുള്ള ധൈര്യവും പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമെ ചോപ്പി ചാനലിലെ 12 കിലോമീറ്റര്‍ ദൂരം നാല് മണിക്കൂര്‍ നോണ്‍സ്റ്റോപ്പായി നീന്തികടക്കാനും ഇവര്‍ ധൈര്യം പ്രകടിപ്പിച്ചിരുന്നു. വീബോ എന്ന ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റില്‍ ലിയുവിന് 75,000ത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രായക്കുറവ് തനിക്ക് പലപ്പോഴും ഒരു തലവേദനയായി മാറിയിട്ടുണ്ടെന്നും ലിയു പറയുന്നു. ഒരിക്കല്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ മകനൊപ്പം പോയപ്പോള്‍ അവിടെയുള്ളവര്‍ കരുതിയത് അത് തന്റെ പുതിയ ബോയ് ഫ്രണ്ടാണെന്നാണ്. മകനാണെന്ന് പറഞ്ഞിട്ട് പോലും ആളുകള്‍ ചിരിച്ചു തള്ളുകയാണുണ്ടായത്. ഒരു ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകന്‍.