കോട്ടയം: സ്വീഡനില്നിന്നു രണ്ടാം തവണയാണ് ജെറിനും ഭാര്യ അന്നയും കേരളം കാണാനെത്തുന്നത്, കേരളം ഏറെ ഇഷ്ടപ്പെട്ടു. ആളുകളും കാലാവസ്ഥയും ഭക്ഷണവുമെല്ലാം വളരെ നല്ലത്.
വിയോജിപ്പ് ഒരു കാര്യത്തില് മാത്രം; നദികളും ജലാശയങ്ങളും തീരപ്രദേശവും വൃത്തിഹീനം. കായലും നദികളും ദൈർഘ്യമേറിയ കടലോരങ്ങളും എത്രകണ്ടാലും മടുപ്പുതോന്നില്ല.
എന്നാല് ഇവിടെയെല്ലാം ശുചിയായിട്ട് സൂക്ഷിച്ചാല് എത്ര നന്നായിരിക്കും. കഴിഞ്ഞ ആറു വര്ഷമായി ലോക രാജ്യങ്ങള് ചുറ്റിസഞ്ചരിക്കുകയാണ് ജെറിനും അന്നയും. സൈക്കിളിലാണ് യാത്ര.
ഉത്തരേന്ത്യയില് പലയിടത്തും സൈക്കിളില് സഞ്ചരിച്ചു. കേരളത്തിലെ റോഡുകളിലെ തിരക്ക് കാരണം സൈക്കിള് ഒഴിവാക്കി ബസിലും മറ്റുമാണ് യാത്ര.
കോഴിക്കോട്ടും മൂന്നാറിലും യാത്ര ചെയ്തു. കോട്ടയത്തുനിന്നും ബോട്ടില് ആലപ്പുഴയ്ക്ക് കായല്യാത്ര ആസ്വദിക്കാനെത്തിയതാണ്. കോടിമതയില്നിന്നു ബോട്ടില് കയറാനെത്തി വഴിതെറ്റി എത്തിയത് കോട്ടയം പഴയ ബോട്ട് ജെട്ടിയില്.
പഴയ ജെട്ടിയിലെ പോളയും മാലിന്യങ്ങളും നിറഞ്ഞ ജലാശയം കണ്ടിട്ടാണ് വിദേശ ദമ്പതികള് ചോദിച്ചുപോയി- നിങ്ങള് എന്താണ് ഇങ്ങനെയെന്ന്.
ഇരുവരും ഒരു കാര്യം സമ്മതിക്കുന്നു, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റോഡുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു, ജനങ്ങളും സ്നേഹമുള്ളവര്.
ഇന്ത്യക്കാര് ധാരാളമുണ്ട് സ്വീഡനില്. ഇന്ത്യക്കാര്ക്ക് വലിയ ബഹുമാനം കൊടുക്കുന്നവരാണ് സ്വീഡിഷ് ജനത.മലിനമായ ജലാശയങ്ങളും നദികളും ധാരാളം ഉണ്ടായിരുന്നു സ്വീഡനില്.
എന്നാല് ജനപങ്കാളിത്തത്തോടെ അവയെല്ലാം ശുചിയാക്കി, ഇപ്പോള് ഞങ്ങളുടെ ജന്മദേശമായ ലുന്ഡിലെ നദികളില് കുളിക്കാം, നദികളിലെ മത്സ്യവും ഉപയോഗിക്കാമെന്നായിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തില്നിന്നും വിരമിച്ച 60 കഴിഞ്ഞ ഈ ദമ്പതികള് അടുത്ത വരവിനു കേരളത്തിലെ മഴക്കാലം ആസ്വദിക്കണമെന്ന ആഗ്രഹവു മായാണ് മടങ്ങുന്നത്.