തൃശൂർ: ബ്യൂട്ടിപാർലർ ഉടമ ഷീലസണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട എറണാകുളം സ്വദേശി നാരായണദാസ് മുൻപ് ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്ന് പോലീസ്. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകൾ ധരിച്ച് ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യപ്രതിയാണത്രെ ഇയാൾ.
ഹണിട്രാപ്പ് കേസിൽ ഇയാളുടെ കൂട്ടാളിയും കൂട്ടുപ്രതിയുമായ സായ്ശങ്കർ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ്.
അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്
വ്യാജലഹരിമരുന്നു കേസിൽ ബ്യൂട്ടിപാർലർ ഉടമയെക്കുറിച്ച് എക്സൈസിന് വ്യാജവിവരം നൽകിയ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെക്കുറിച്ച് വിശദവിവരങ്ങളും ഇയാളുടെ പഴയ കേസ് വിശദാംശങ്ങളും ശേഖരിച്ച അന്വേഷണസംഘം അടുത്ത ഘട്ടത്തിലേക്ക് കടന്നു.
ആരൊക്കെയാണ് ഈ ഗൂഢാലോചനയുടെ പിന്നിലെന്ന കാര്യമാണ് ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഷീലയുടെ അടുത്ത ബന്ധുക്കൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണസംഘം ഉറച്ചുവിശ്വസിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകളിലേക്ക് അന്വേഷണസംഘം ഇനിയുമെത്തിയിട്ടില്ല.
ഇപ്പോൾ നടക്കുന്ന അന്വേഷണം ഈ കേസിലെ സുപ്രധാന തെളിവുകൾ തേടിയാണ്.ഫോണ്‍കോൾ സംബന്ധിച്ച് വിശദാംശങ്ങൾ, ഫോണ്‍ വിളിക്കുന്നതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിൽ നാരായണദാസും ഷീലസണ്ണിയുടെ ബന്ധുക്കളും തമ്മിൽ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിരുന്നോ, ഷീലസണ്ണിയുടെ സ്കൂട്ടറിൽ മയക്കുമരുന്നുപോലുള്ള സാധനം എങ്ങിനെയെത്തി തുടങ്ങി പല കാര്യങ്ങളും തെളിയേണ്ടതുണ്ട്. വിശദമായ അന്വേഷണം തന്നെയാണ് അന്വേഷണസംഘം ആസൂത്രണം ചെയ്തിരിക്കുന്നത്.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനേയും തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം നേരിൽ കണ്ട് വിശദാംശങ്ങൾ തേടുമെന്നറിയുന്നു.