പത്തനാപുരം: കുന്നിക്കോട് മാര്‍ക്കറ്റിലെ പഞ്ചായത്ത് കെട്ടിടത്തിലേക്ക് ബിവറേജസ് ഔട്ട്ലെറ്റ് മാറ്റുന്നതിനെ ചൊല്ലി വിളക്കുടി പഞ്ചായത്ത് ഭരണസമിതിയില്‍ തര്‍ക്കം മുറുകുന്നു.
പ്രദേശവാസിയായ സിപിഐ സംസ്ഥാന നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പഞ്ചായത്തിന് ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന തീരുമാനത്തെ സിപി ഐ അംഗങ്ങള്‍ എതിര്‍ക്കുന്നതെന്നാണ് ആരോപണം. ഭരണകക്ഷിയില്‍ തര്‍ക്കം രൂക്ഷമായതോടെ വിഷയം ഇടതുമുന്നണിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
തലവൂര്‍ പഞ്ചായത്തിലെ പനമ്പറ്റ കുരിശുംമൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റ് കുന്നിക്കോട്ടേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഭരണസമിതിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. മുന്‍പ് കുന്നിക്കോട്ട് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല ദേശീയപാത വിഷയത്തില്‍ സുപ്രീകോടതി വിധിയെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പാണ് പനമ്പറ്റയിലേക്ക് മാറ്റിയത്.
വിളക്കുടി പഞ്ചായത്തിന് ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ഔട്ട്ലെറ്റ് പഞ്ചായത്ത് കെട്ടിടത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അനുവദിക്കാത്തതിനു പിന്നില്‍ ഈ നേതാവിന്റെ ഇടപെടലാണെന്നാണ് പൊതുവെയുളള ആക്ഷേപം.
വിവാദ കെട്ടിടത്തിന് സമീപത്തായാണ് നേതാവിന്റെ വീട്. മദ്യശാല വന്നാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളും സാമൂഹ്യ വിരുദ്ധ ശല്യവും വര്‍ധിക്കുമെന്നുമാണ് സിപിഐ ക്കാര് പറയുന്നത്.
എന്നാല്‍ ഇവിടെ കുന്നിക്കോട് പോലീസ് സ്റ്റേഷന് കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ മദ്യശാല ക്രമസമാധാനപ്രശ്നം ഉണ്ടാക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. ചന്തയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തിലേക്ക് മദ്യശാല വന്നാല്‍ വാടക, തൊഴില്‍നികുതി ഇനങ്ങളില്‍ പഞ്ചായത്തിന് വലിയ വരുമാനം ലഭിക്കും.
ചന്തയില്‍ ബിവറേജസ് എത്തിയാല്‍ തിരക്കും കച്ചവടവും വര്‍ധിക്കുമെന്നും പഞ്ചായത്തിന് ലാഭമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സിപിഐ നേതാവിന്റെ താത്പര്യം സംരക്ഷിക്കാന്‍ പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കരുതെന്ന അഭിപ്രായമാണ് സിപിഐ അംഗങ്ങള്‍ ഒഴികെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ കൈകൊണ്ടത്.