കണ്ണൂർ: പയ്യാന്പലം ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ എല്ലും ചാരവും പയ്യാന്പലം ബീച്ചിൽ കണ്ടെത്തിയ സംഭവത്തിൽ വസ്തുതകൾ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഡിടിപിസി സെക്രട്ടറി കെ.സി. ശ്രീനിവാസൻ.
ഡിടിപിസിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ചെയർമാനായ ജില്ല കളക്ടർ ടി.വി. സുഭാഷുമായി ചർച്ച ചെയ്തായിരിക്കും നടപടിയെടുക്കുക.
കോർപറേഷനെ കരിവാരി തേക്കാൻ ആരോ മനഃപൂർവ്വം പയ്യാന്പലം ബീച്ചിൽ മൃതദേഹ അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടതാണന്നാണ് മേയർ ടി.ഒ. മോഹനൻ പറഞ്ഞത്.
സംഭവത്തിന്റെ സത്യാവസ്ഥയെന്തെന്ന് മനസിലാക്കി നടപടിയെടുക്കാനാണ് ഡിടിപിസിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടത്. ഇത് ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടാനുള്ള ശ്രമം നടന്നിരുന്നു.
സംഭവത്തിൽ വിമർശനവുമായി ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ, ബിജെപി ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
നേരത്തെ പയ്യാന്പലം ശ്മശാനത്തിൽ കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു.
സിപിഎമ്മും കോർപറേഷനും തമ്മിലുള്ള രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് ഇപ്പോൾ പയ്യാന്പലം ബീച്ചിൽ അസ്ഥികളും ചാരവും കണ്ടെത്തിയിരിക്കുന്നത്.