സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പനശാലകൾ തുറക്കുന്നതിനായി ഏ൪പ്പെടുത്തുന്ന ക്രമീകരണങ്ങളും മദ്യവില വ൪ധിപ്പിക്കുന്നതിനുള്ള ഓർഡിനൻസും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും.
ബിവറേജസ്, കൺസ്യൂമർ ഫെഡ് ഔട്ട്െലറ്റുകൾക്കു പുറമെ മദ്യം കുപ്പികളായി ബാറുകളിലൂടെ വിൽക്കുന്നതിന് അബ്കാരി ചട്ടം ഭേദഗതി ചെയ്യണമെന്ന ബാറുടമകളുടെ ആവശ്യവും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നാണു വിവരം.
ലോക്ക് ഡൗണിനുശേഷം മദ്യശാലകൾ തുറക്കുമ്പോൾ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാറുകൾ വഴിയും കുപ്പികളായി മദ്യം വിൽക്കാൻ അനുമതി വേണമെന്നു ബാറുടമകൾ ആവശ്യപ്പെടുന്നത്.
എന്നാൽ, ഇത്തരത്തിൽ അനുമതി നൽകിയാൽ ചട്ടം ലംഘിച്ചു മദ്യനിർമാണ കമ്പനികളിൽനിന്നു ബാറുടമകൾ മദ്യം നേരിട്ടു വാങ്ങി വില്പന നടത്തുമെന്ന ആശങ്കയുണ്ട്.
അങ്ങനെയെങ്കിൽ സർക്കാരിന്റെ നികുതി വരുമാനം കുത്തനെ ഇടിയാനും സംസ്ഥാനത്തു സെക്കൻഡ്സ് മദ്യം വ്യാപകമാകാനും ഇടയാകും. ബാറുകളിൽ എക്സൈസിന്റെയും പോലീസിന്റെയും പരിശോധന പേരിനു മാത്രമായതിനാൽ ഇതു കണ്ടെത്താനും കഴിയില്ല.
മദ്യത്തിന്റെ നികുതി വർധിപ്പിക്കാനായുള്ള ഓർഡിനൻസ് ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്കു നികുതിവകുപ്പ് കൊണ്ടുവരുന്നുണ്ട്. പത്തു ശതമാനം മുതൽ 35 ശതമാനം വരെ നികുതി വർധിപ്പിക്കാനാണു ശിപാർശ.
ഇപ്പോൾ മദ്യത്തിന് വിവിധ സെസുകൾ അടക്കം വിലയുടെ 200 മുതൽ 210 വരെ ശതമാനമാണ് നികുതി ഈടാക്കുന്നത്. ബിയറിനും ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും 10 മുതൽ 80 വരെ രൂപയുടെ വർധന വരാമെന്നാണു കണക്കാക്കുന്നത്. വർഷം 600- 700 കോടി രൂപയുടെ അധികവരുമാനം സംസ്ഥാനത്തിന് ഇതുവഴി ലഭിക്കും.
മദ്യശാലകൾ തുറക്കുമ്പോഴുള്ള തിരക്കു കുറയ്ക്കാൻ ഓൺലൈൻ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കാൻ ബിവറേജസ് കോർപറേഷൻ സ്റ്റാർട്ടപ് മിഷനെ സമീപിച്ചിരുന്നു.
ഇവരുടെ റിപ്പോർട്ടും ഇന്നത്തെ മന്ത്രിസഭയിലെത്തിയേക്കും.18നു മദ്യശാലകൾ തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ലോക്ക് ഡൗൺ അവസാനിച്ചാൽ തുടരേണ്ട നിയന്ത്രണങ്ങളും മന്ത്രിസഭ ചർച്ച ചെയ്യും.