അഹമ്മദാബാദ്: കോവിഡ് ബാധിച്ചു മരണാസന്നനായ ആളുടെ ബീജം അടിയന്തരമായി ശേഖരിച്ചു സൂക്ഷിക്കാൻ ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശം.
ഭർത്താവിൽനിന്നു ഗർഭം ധരിക്കാനുള്ള സാധ്യത തേടി കോടതിയെ സമീപിച്ച യുവതിയുടെ ഹർജിയിലാണ് ഉത്തരവ്.
ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ)/എആർടി (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി) നടപടികൾ സ്വീകരിക്കാനാണു ജസ്റ്റീസ് അശുതോഷ് ജെ. ശാസ്ത്രി വഡോദരയിലെ ആശുപത്രിക്കു നിർദേശം നൽകിയിരിക്കുന്നത്.
ഐവിഎഫ്/എആർടി സാങ്കേതികവിദ്യയിലൂടെ ഭർത്താവിൽനിന്നു ഗർഭം ധരിക്കണമെന്നു യുവതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും, കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി.
ഇതേത്തുടർന്നാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ ഗുജറാത്ത് സർക്കാരിന്റെയും ആശുപത്രി ഡയറക്ടറുടെയും പ്രതികരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.