പിറവം: പിറവത്തെ ബിവറേജ് കോർപ്പറേഷന്റെ മദ്യശാലയിൽ അനധികൃത ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് ആശങ്കയുയർത്തുന്നു.
ബിവ്കോയുടെ ആപ്ലിക്കേഷനിലൂടെ മദ്യം വാങ്ങുന്നതിന് ബുക്ക് ചെയ്തെത്തുന്നവർ ഇതു കാണിക്കുമ്പോൾ ഒരു ടോക്കൺ പിറവത്തെ ഔട്ട് ലെറ്റിൽ നിന്നും നൽകും.
ഈ ടോക്കൺ കൗണ്ടറിൽ നൽകിയാലാണ് മദ്യം ലഭിക്കുകയുള്ളു. പിറവത്തെ ഔട്ട് ലെറ്റിൽ ജീവനക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ടോക്കൺ സമ്പ്രദായത്തിലൂടെ കരിഞ്ചന്തയിലുള്ള വില്പന തകൃതിയായാണ് നടക്കുന്നത്.
ഇതിലുപരി ടോക്കൺ സാനിറ്റൈസേഷൻ ചെയ്യാതെ വിതരണം ചെയ്യുന്നതും. പിറവത്തെ ബീവ്കോയുടെ പ്രവർത്തനം ഓൺലൈൻ ബുക്കിംഗുകളെ പ്രഹസനമാക്കുന്ന രീതിയിലെന്നുള്ള ആക്ഷേപം നേരത്തെ മുതൽ ഉയർന്നിട്ടുള്ളതാണ്.
ബുക്ക് ചെയ്യാതെയെത്തുന്നവർക്ക് മദ്യശാലയക്കു സമീപം അമ്പത് മുതൽ നൂറു രൂപ വരെ നൽകിയാൽ ടോക്കൺ കരിഞ്ചന്തയിൽ ലഭിക്കും.
ജീവനക്കാരുമായി ഒത്തു ചേർന്നും അല്ലാതെയുമൊക്കെ ടോക്കൺ വാങ്ങി മറിച്ച് വിൽക്കുന്ന സംഘമുണ്ടിവിടെ. പിറവത്ത് രണ്ടു ബാറുകളുണ്ടെങ്കിലും കൂടുതൽ ബ്രാൻഡുകൾ ലഭ്യമല്ലാത്തതിനാൽ ബീവ്കോയിലാണ് ഉപഭോക്താക്കൾ എത്തുന്നത്.
ഒരാൾക്ക് മൂന്നു ലിറ്റർ വരെയാണ് ഒരു ബുക്കിംഗിലൂടെ അനുവദിച്ചിരിക്കുന്നത്. ഭൂരിഭാഗം പേരും ഒന്നര, രണ്ട് ലിറ്റർ കൂടുതൽ മദ്യം വാങ്ങുന്നില്ല. കണക്കിൽ ബാക്കി വരുന്ന മദ്യം അനധികൃതമായി പുറത്തേക്കൊഴുകുകയാണ്.
ജീവനക്കാരുമായി ഒത്തുചേർന്നു പ്രവർത്തിക്കുന്ന ഒരു ലോബി ഇതിനു പിന്നിലുണ്ട്. പിറവം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലാണ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നത്.