ചെറിയ മാറ്റങ്ങളാണ് വലിയ മാറ്റങ്ങളുടെ തുടക്കമാകുന്നത്. നിസാരമായ ഒരു പ്രവൃത്തിപോലും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാം.
രാവിലെ എണീറ്റയുടൻ കിടക്ക നേരേയാക്കുന്ന ശീലം എത്ര പേർക്കുണ്ട്. ഇല്ലെങ്കിൽ അതൊന്ന് ശീലിച്ചു നോക്കൂ. അത് നിങ്ങളെ ചിട്ടയായ ജീവിതത്തിലേക്ക് നയിക്കുമെന്നു മാത്രമല്ല, നിങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്യും.
താരതമ്യേനെ നിസാരമെന്നു കരുതാവുന്ന ഒരു ജോലിയാണല്ലോ കിടക്ക നേരെയാക്കൽ. എന്നാലിതിനെ മനുഷ്യന്റെ ഉപബോധമനസ് അപഗ്രഥിക്കുന്നത് മറ്റൊരു തരത്തിലാണ്.
ഒരു ലക്ഷ്യം പൂർത്തിയായതിന്റെ സംതൃപ്തിയാണ് ആ ചെറിയ പ്രവൃത്തിയിലൂടെ മനസിന് ലഭിക്കുന്നത്.ഇതുവഴി ആത്മവിശ്വാസം വർധിക്കുന്നതിനാൽ അടുത്തജോലി കുറച്ചുകൂടി കടുപ്പമാണെങ്കിൽക്കൂടി അത് ചിട്ടയോടെ ചെയ്യാനുള്ള മോട്ടിവേഷൻ ലഭിക്കുന്നു.
അങ്ങനെ ആ ജോലിയും ചിട്ടയോടെ ചെയ്യാൻ സാധിക്കുന്നു.ഒന്ന് മറ്റൊന്നിന് വളമാകുന്നു എന്നപോലെ ഓരോ ജോലി കൃത്യതയോടെ ചെയ്യുന്പോഴും അതുമൂലമുണ്ടാകുന്ന ആത്മവിശ്വാസവും സംതൃപ്തിയുമെല്ലാം അടുത്തത് നന്നായി ചെയ്യാനുള്ള ഊർജമായി മാറുന്നു.
ഈ ദിനചര്യ ആഴ്ചകളും മാസങ്ങളും കഴിയുന്പോൾ ഒരു ജീവിതരീതിയായി മാറുന്നു. ചാൾസ് ഡുഹിഗ്ഗിന്റെ’ദ പവർ ഓഫ് ഹാബിറ്റ്’ എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ജീവിതരീതിയിലെ ചിട്ട വ്യക്തിജീവിതത്തിലും പ്രഫഷണൽ ജീവിതത്തിലും പ്രതിഫലിക്കും. അതിവേഗം സഞ്ചരിക്കുന്ന ഈ ലോകത്ത് സമയം ഫലപ്രദമായി വിനിയോഗിക്കാൻ ഒരു ഫലവത്തായ ദിനചര്യയിലൂടെ സാധിക്കും.
വ്യക്തിബന്ധങ്ങൾ ഊഷ്മളമാക്കാനും ജീവിതത്തിൽ ഉയർച്ചയുണ്ടാകാനുമൊക്കെ സാധിക്കും. ഇതാണ് ചിട്ടയുള്ള ജീവിതത്തിന്റെ മാജിക്. ചെറിയ മാറ്റങ്ങളിൽനിന്ന് വലിയ മാറ്റങ്ങളിലേക്കുള്ള മാജിക്!
ഡോ. ജിറ്റി ജോർജ്
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്
എസ്എച്ച് മെഡിക്കൽ സെന്റർ
കോട്ടയം