ഒരു രോഗി പറയുന്നു… ഡോക്ടറേ എനിക്കെല്ലാ ദിവസവും… അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം.ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ല ശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട. രോഗി: അതല്ല ഡോക്ടർ, ഞനെഴുന്നേൽക്കുന്നത് ഏഴു മണിക്കാണ്!!
ചെറിയ കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാൽ, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിർന്ന കുട്ടികളിൽ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുന്പോഴും ഇതു വരുന്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം.
മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണൂ പ്രാഥമികം. അങ്ങനെയല്ലാതെ പലവിധ കാരണങ്ങൾ കൊണ്ടു തുടരുന്നതിനെയാണു ദ്വിതീയം എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. നമ്മളിവിടെ പറയുന്നത് രണ്ടാമനെ കുറിച്ചാണ്.
മാനസിക വേദനയിൽ
അനുഭവിക്കാത്തവർക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്നമുള്ളവർ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്.ആണ്‍കുട്ടികളിലാണെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.പെണ്‍കുട്ടികൾ ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു.
ബന്ധുവീടുകളിൽ അന്തിയുറങ്ങാനും അച്ഛനമ്മമാരുടെ കൂടെ കിടക്കാനും ഇവർ കൊതിക്കുന്നുണ്ടാകും. പല വീടുകളിലും ഇവരുടെ ഉറക്കസ്ഥാനം തറയിൽ ആകും. മൂത്രമൊഴിക്കരുതെന്ന് ഓരോ തവണയും മനസിൽ ഉറപ്പിച്ചും കിടക്കുന്നതിനു മുൻപ് പലതവണ മൂത്രം ഒഴിച്ചിട്ടും ഒക്കെ കിടക്കും. പക്ഷേ, ഉറങ്ങിയാൽ അപ്പോൾ മൂത്രം പോകും.
എന്തായിരിക്കും കാരണം
വ്യക്തമായ ഒരു കാരണം ഇതിനു പറയാനാവില്ല. * മൂത്രത്തിന്റെ ഉല്പാദനത്തെ നിയന്ത്രിക്കുന്ന ഒരു ഹോർമോണ്‍ ഉണ്ട്. ആന്റി ഡൈയൂറെറ്റിക് ഹോർമോണ്‍ – എഡിഎച്ച് – എന്ന് പേരുള്ള ഇതിന്റെ അളവിലെ താത്കാലിക കുറവാകാം ഒരുകാരണം.
ഇതു സ്ഥിരമായി കുറഞ്ഞാൽ പ്രമേഹത്തിലെന്ന തുപോലെ അനിയന്ത്രിതമായി മൂത്രം ഒഴുകിപ്പോയി ശരീരത്തിലെ ജലനഷ്ടം കൂടി നിർജലീകരണം എന്ന അവസ്ഥയിലെത്താം.
വാൽവുകൾ തകരാറിലാവാം
* മൂത്രദ്വാരത്തിലെ വാൽവുകളുടെ തകരാറാവാം മറ്റൊരു കാരണം. നമുക്കു സാധാരണഗതിയിൽ അരലിറ്റർ മൂത്രം പിടിച്ചു നിർത്താനാകും, രാത്രിയിൽ ഇത് 800 മില്ലിവരെയാകാം. എന്നാൽ മൂത്രാശയത്തിൽ നിന്നു പുറത്തേക്കുള്ള വാൽവിനു തകരാറുള്ളവരിൽ ചെറിയ അളവിൽ മൂത്രം നിറയുന്പോഴേക്കും മൂത്രശങ്ക തുടങ്ങുന്നു. ‘അനിയന്ത്രിതമായി മൂത്രം പോകുന്നു. രണ്ടിൽ കൂടുതൽ പ്രസവിച്ച സ്ത്രീകളിൽ ഈ വാൽവുകൾക്കു ബലം കുറയാം.
അവർക്ക് പെട്ടെന്ന് മൂത്രത്തിൽ പഴുപ്പു പിടിപെടാം, തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂത്രം തുള്ളികളായോ അല്ലാതെയോ പുറത്തേക്കു പോകാം. സമാനമായ തകരാറുകൾ ജന്മനാ കുട്ടികളിൽ വരാം. * മാതാപിതാക്കൾക്ക് കുട്ടിക്കാലത്ത് ഈ പ്രശ്നമുണ്ടെങ്കിൽ മക്കൾക്കും വരാം. കുട്ടികളെ തല്ലുന്നതിനു മുന്‍പ് സ്വന്തം അമ്മയോട് ഒന്നന്വേഷിച്ചു നോക്കുക.
സ്വപ്നം സത്യമാകുന്പോൾ
* ആഴത്തിലുള്ള ഉറക്കം ഒരു പ്രശ്നമാണ്. അഗാധമായ ഉറക്കത്തിൽ ഇതൊക്കെ സംഭവിക്കാം. മദ്യപിച്ചു പൂസായി ഉറങ്ങുന്നവരിൽ ഇതു കാണാറുണ്ട്. ചില കുട്ടികൾ ഉറക്കത്തിൽ ബാത്റൂമിൽ മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണുന്നു; കിടക്കയിൽ ഒഴിക്കുന്നു.
ഇത്തരം ഉറക്കപ്രാന്തരായ കുട്ടികളിൽ അവരുടെ മൂത്രാശയത്തിന്റെ വാൽവുകളും ഉറങ്ങി പോകുന്നതാണു ഒരു കാരണം. ശരീരത്തിൽ എല്ലാവയവങ്ങളും നമ്മോടൊപ്പം ഉറങ്ങാൻ പാടില്ല. കുട്ടികളിൽ അവ ഉറങ്ങുന്നതു സാധാരണമാണ്.
(നമ്മുടെ തൊണ്ടയിൽ കുറുനാക്ക് അങ്ങനെ ഉറങ്ങാതിരിക്കേണ്ട ഒരാളാണ്. അവൻ ഉറങ്ങിയാൽ ശ്വാസനാളം അടഞ്ഞ് നാം ഉറക്കത്തിൽ മരിച്ചുപോകാം. ശിശുക്കൾ ഉറക്കത്തിൽ മരിച്ചുവെന്നു വാർത്തകളിൽ കാണുന്നതിൽ ചിലത് ഇങ്ങനെ സംഭവിക്കുന്നതാണ്.)
(തുടരും)
ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ – 9447689239 [email protected]