ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃമികൾ പെണ്കുട്ടികളിൽ മൂത്രനാളികളിൽ കയറാം. അപ്പോൾ തോന്നുന്ന അസ്വസ്ഥതയും ഉറക്കത്തിലെ മൂത്രമൊഴിക്കലിൽ കലാശിക്കാം. കുട്ടികളിലെ മാനസിക സംഘർഷങ്ങൾ ഒരു പ്രധാന കാരണമാണ്. അതു വീട്ടിലെയും സ്കൂളിലേയും ഒറ്റപ്പെടലും പഠന വൈകല്യ കാരണമായേക്കാവുന്ന എഡിഎച്ച്ഡി വരെ ആകാം. കാപ്പി മൂത്രത്തിന്റെ അളവു കൂട്ടാം.
രോഗകാരണം കണ്ടെത്തണം
മൂത്രപരിശോധനയിലൂടെ പ്രമേഹസാധ്യതയും മൂത്രത്തിൽ പഴുപ്പും കണ്ടെത്താൻ സാധിക്കും. ആന്തരികാവയവങ്ങൾക്കു തകരാറില്ലയെന്നു മൂത്രാശയ വ്യവസ്ഥയുടെ ആന്തരിക പരിശോധനയിലൂടെ കണ്ടെത്താം.
രോഗചികിൽസ
കാരണമറിഞ്ഞുള്ള ചികിൽസ വേണം. മനഃശാസ്ത്ര ചികിൽസയും കൗണ്സലിംഗും എല്ലാവരിലും ഫലിക്കില്ല. രോഗിയെ കളിയാക്കുന്തോറും രോഗം മാറാനുള്ള സാധ്യത കുറയുന്നു. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇത് ശ്രദ്ധിക്കണം. അവരിൽ വളർത്തുന്ന അപകർഷബോധം അവരുടെ ഭാവിയെത്തന്നെ നശിപ്പിക്കും.
കുട്ടികൾ മനസു കൊണ്ട് എത്ര ഉറപ്പിച്ചു കിടന്നാലും ഉറക്കത്തിലേക്കു വഴൂതിവീഴുന്പോൾ മനസിന്റെ പിടിത്തം വിടുകയും മൂത്രം ഒഴിച്ചുപോവുകയും ചെയ്യും. അവരെ കളിയാക്കാതിരിക്കുക.
മിനിമം വെള്ളം…
* വൈകുന്നേരങ്ങളിൽ ഏഴുമണിവരെ മാത്രമേ വെള്ളം കുടിക്കാവൂ. അതിനു ശേഷം വെള്ളം പരമാവധി കുറയ്ക്കുക. കുടലിൽ നിന്നു വെള്ളം വലിച്ചെടുക്കുന്ന ഭക്ഷണങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുക. ചപ്പാത്തിയും നനയ്ക്കാത്ത അവിലും അത്താഴമാക്കുക. വൈകുന്നേരങ്ങളിൽ കാപ്പി ഒഴിവാക്കുക. മിനിമം വെള്ളം മതി ഭക്ഷണനേരത്ത്.
* കിടക്കുന്നതിനു മുമ്പ് നന്നായി മൂത്രം ഒഴിച്ചിട്ട് കിടക്കുക. രാത്രി അലാറം വച്ച് ഉണർത്തി മൂത്രം ഒഴിപ്പിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്പോൾ ചില ദിവസങ്ങളിലെങ്കിലും കിടക്കയിലെ മൂത്രമൊഴിക്കൽ ഒഴിവാകും.
ചില മനഃശാസ്ത്ര വഴികൾ
* കുട്ടിക്കായി ഒരു കലണ്ടർ കൊടുക്കുക. എന്നിട്ടതിൽ മൂത്രമൊഴിക്കാത്ത ദിനങ്ങളിൽ ഒരു ചിരിക്കുന്ന വട്ടത്തിലുള്ള സൂര്യനെ വരച്ച് വയ്ക്കാൻ പറയുക. ആഴ്ചാവസാനവും മാസാവസാനവും സൂര്യന്റെ എണ്ണത്തിനനുസരിച്ച് കുട്ടിക്ക് സമ്മാനങ്ങൾ കൊടുക്കുക. അല്ലെങ്കിൽ ഒരു സൂര്യന് ഒരു നിശ്ചിത പോയിന്റ് വച്ച് സമ്മാനം കൊടുക്കുക.
* ഉറങ്ങുന്നതിനു മുൻപു കണ്ണടച്ചു പിടിച്ച് അഞ്ചുതവണ ദീർഘമായി ശ്വാസം വലിച്ചുവിടുക, എന്നിട്ട് രാവിലെ നല്ല കുട്ടിയായി വസ്ത്രമൊന്നും നനയാതെ എണീക്കുന്നതായും വീട്ടുകാർ തന്നെ അതിന് അഭിനന്ദിക്കുന്നതായും മനസിൽ കാണുക. പിന്നെ ഉറങ്ങുക.
* കുട്ടികൾ മൂത്രമൊഴിക്കുന്ന തുണിയും ബെഡും അവരെ കൊണ്ട് തന്നെ കഴുകിക്കുക. ഉണക്കുക.
* മൂത്രം ഒഴിക്കാത്ത ദിനങ്ങളിൽ നീ നിന്റെ രോഗത്തെ തോല്പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അവനെ പറഞ്ഞു ബോധ്യപ്പെടുത്തുക.
മൂത്രമൊഴിച്ച് ഇത്തിരി നനഞ്ഞാൽ അലാറം അടിക്കുന്ന ബെഡ് വെറ്റിങ്ങ് അലാറം വാങ്ങാൻ കിട്ടും 70% വരെ ആളുകളിൽ രോഗം മാറ്റാൻ ഈ മെഷീൻ സഹായിക്കുമെന്നാണു നാഷണൽ കിഡ്നി ഫൗണ്ടേഷൻ പറയുന്നത്.
ഈ പണിയൊന്നും ഫലിക്കുന്നില്ലങ്കിൽ ഹോമിയോപ്പതിയിൽ മരുന്നുകളുണ്ട്. ഉറക്കത്തിൽ സ്വപ്നം കണ്ടു മൂത്രമൊഴിക്കുന്നവനും മൂത്രമൊഴിച്ചാലും അറിയാത്തവനും വിര ശല്യക്കാരനും ഒക്കെ മരുന്നുകൾ വെവ്വേറെയാണ്. അതിനാൽ ഒരു അംഗീകൃത ഹോമിയോ ഡോക്ടറെ കണ്ട് മാത്രം മരുന്നുകൾ വാങ്ങി ഉപയോഗിക്കുക.
ഡോ: റ്റി.ജി. മനോജ് കുമാർ, മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ