പാരീസ്: ഫ്രാന്‍സിനെ ഭീതിയിലാഴ്ത്തി രാജ്യത്ത് മൂട്ടകള്‍ പെരുകുന്നു. പാരീസിലെ ഒരു സ്കൂളിലാണ് ഏറ്റവും പുതുതായി മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മൂട്ടവ്യാപനത്തിനെതിരായ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യ-ഗതാഗത-സാമ്പത്തിക മേഖലകളിലെ വിദഗ്ധര്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു.
മൂട്ട വ്യാപനത്തെ നിസാരമായി കാണാനാവില്ലെന്നാണ് എന്റമോളജിസ്റ്റുകളും ആരോഗ്യരംഗത്തെ വിദഗ്ധരുമുള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ഇത് ഫ്രാന്‍സിന്റെ മാത്രം പ്രശ്നമല്ലെന്നും അവര്‍ പറയുന്നു.
ഇപ്പോള്‍ തന്നെ തേടി വരുന്ന നാലില്‍ മൂന്നു ഫോണ്‍കോളുകളും മൂട്ടശല്യത്തെക്കുറിച്ച് പറയാന്‍ വിളിക്കുന്നതാണെന്നാണ് കീടനിയന്ത്രണം വെബ്സൈറ്റായ badbugs.frന്റെ രൂപകര്ത്താവ് നിക്കോളാസ് റൂ ദേ ബെസിയൂ പറയുന്നത്.
രാജ്യത്തെ മൂട്ടശല്യം ഇതിനോടകം ഫ്രാന്‍സിലും വിദേശത്തുമുള്ള പത്രങ്ങളുടെ തലക്കെട്ടില്‍ ഇതിനോടകം ഇടംപിടിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനെ മൂട്ടശല്യം ബാധിക്കുമോയെന്ന ആശങ്കയും ഫ്രഞ്ച് സര്‍ക്കാരിനുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മെട്രോയിലും എസ്എന്‍സിഎഫ് ട്രെയിനുകളിലും മാത്രം ചുരുങ്ങിയത് 50 ഇടങ്ങളിലാണ് മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഗതാഗത മന്ത്രി ക്ലമന്റ് ബ്യൂണ്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ട് രാജ്യത്ത് മൂട്ടകളുടെ എണ്ണം ക്രമാതീതമായി പെരുകിയെന്നാണ് ഫ്രാന്സിലെന്പാടുമുള്ള കീട നിയന്ത്രണ കമ്പനികള്‍ പറയുന്നത്. ഓരോ വര്‍ഷം കഴിയും തോറും മൂട്ടകളുടെ എണ്ണം കൂടിവരികയാണെന്നും അവര്‍ പറയുന്നു.
സിനിമാ തീയറ്ററുകളിലും ട്രെയിനുകളിലും ഹോസ്പിറ്റലുകളിലും സ്കൂളുകളിലുമെല്ലാം മൂട്ടവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണമെടുക്കുന്ന നിരവധി വ്ളോഗര്‍മാരെയും സോഷ്യല്‍ മീഡിയയില്‍ കാണാം.
കീടനിയന്ത്രണ ജോലികള്‍ ചെന്നുന്ന ഒട്ടുമിക്ക ആളുകളും വേണ്ടത്ര പരിശീലനം ലഭിച്ചവരല്ലെന്നും അവരില്‍ പലരും മൂട്ടശല്യം ഒരു പ്രശ്നമായിപ്പോലും കരുതുന്നില്ലെന്നും പ്രശസ്ത എന്റമോളജിസ്റ്റ് ഴോങ് മിഷേല്‍ ബെരന്ഷേര് പറയുന്നു.
ജനങ്ങള്‍ക്ക് മൂട്ടകളെ സംബന്ധിച്ച് അവബോധം പകരുക എന്നത് പ്രധാനമാണ്. മൂട്ടകളെ നിയന്ത്രിക്കാനുള്ള ഭാവി പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ടതായി വിദഗ്ധര്‍ കാണുന്നതും ഇതു തന്നെയാണ്.
മറ്റു ജീവികളില്‍ നിന്നു വ്യത്യസ്ഥമായി ഇണയുടെ ശരീരത്തിലെവിടെയും ബീജം കുത്തിവയ്ക്കാന്‍ കഴിയുമെന്നതാണ് മൂട്ടകള്‍ പെരുകാന്‍ ഒരു പ്രധാനകാരണം. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന ബീജം രക്തത്തിലൂടെ പെണ്മൂട്ടയുടെ പ്രത്യല്പാദന അവയവത്തിലെത്തുകയാണ് ചെയ്യാറുള്ളത്.
എത്രയും പെട്ടെന്ന് മൂട്ടശല്യത്തിനൊരു പരിഹാരം കണ്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന സ്ഥിതിയാണ് ഇപ്പോൾ ഫ്രാൻസിലുള്ളത്.