വിഴിഞ്ഞം: കോവിഡ്നിയന്ത്രണം കർശനമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും എല്ലാ മാനദണ്ഡഡങ്ങളും കാറ്റിൽപ്പറത്തി ജനം ബീച്ചുകളിൽ തടിച്ച് കൂടി.
സാമൂഹ്യ അകലം കാറ്റിൽപ്പറത്തിയും മാസ്ക്കുകൾ ഇല്ലാതെയും അവധി ആഘോഷിക്കാൻ ആയിരങ്ങൾ കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നലെയും വന്നു മടങ്ങി.
നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ ഉന്നതങ്ങളിൽ നിന്ന് കിട്ടാത്തതിനാൽ പോലീസും കാര്യമായ ഇടപെടൽ നടത്തിയില്ല. അനിയന്ത്രിതമായി കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാൻ കർശന നടപടികൾ എടുക്കുന്നതായി പറഞ്ഞ അധികൃതർ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ ജനത്തിരക്കേറിയ പ്രദേശങ്ങൾക്കായി പ്രത്യേക മാർഗ നിർദേശം പുറപ്പെടുവിച്ചില്ല.
പോലീസ് നിയന്ത്രണം മാസ്ക്ക് പിടിത്തത്തിലും പിഴയടിക്കലിലും ഒതുങ്ങിയതോടെ പേടിയില്ലാതെ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയതിന് തെളിവാണ് ഇന്നലെ കോവളത്തെ ഗ്രോ, ഹൗവ്വാ, ലൈറ്റ് ഹൗസ്, സമുദ്ര ബീച്ചുകളിലും പൂവാറിലെ പൊഴിക്കരയിലും, വിഴിഞ്ഞം മതിപ്പുറത്തും, ആഴിമലയിലുമുണ്ടായ തിരക്ക്. ബീച്ചുകളിൽ ടൂറിസം പോലീസിന്റെ സാന്യധ്യമുണ്ടായിരുന്നെങ്കിലും വൻ ജനത്തിരക്കിനിടയിൽ നിയമലംഘകരെ തടയാനായില്ല.
മാസ്കുകളോ, സാമൂഹ്യ അകലമേ ഇല്ലാതെ നൂറ് കണക്കിന് പേർ കടൽക്കുളിയും നടത്തി മടങ്ങി. വലിയ തിരയടിയിൽ നീന്തിക്കുളിക്കുന്നവരെ രാവിലെ മുതൽ നിയന്ത്രിച്ച് ലൈഫ് ഗാർഡുമാരും വശംകെട്ടു .
വിനേദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നത് മുതൽ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ബീച്ചിലേക്കുള്ള സഞ്ചാരികളുടെ വരവ്. ഇന്നലെ ഉച്ചയോടെ ബീച്ച് റോഡുകളിൽ ആൾക്കാരുമായെത്തിയ വാഹനങ്ങൾ കൊണ്ട് ഗതാഗതം സ്തംഭിച്ചു.
വൈകുന്നേരത്തോടെ വാഹനങ്ങളെ കോവളം ജംഗഷനിൽ പോലീസ് തടഞ്ഞു. ആഴി മലയിലും പൂവാറിലും തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ നിയോഗിച്ചു.
വിഴിഞ്ഞം മതിപ്പുറം കാണാനെത്തിയവർ തുറമുഖത്ത് പ്രവേശിക്കാതിരിക്കാൻ കവാട ഗേറ്റ് അടച്ച അധികൃതർ കാവൽ ഏർപ്പെടുത്തി.പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമായി ഇവിടത്തെ പ്രവേശനം പരിമിതപ്പെടുത്തി.