ഈരാറ്റുപേട്ട: വ്യാജ ബീഡികൾ നിർമ്മിച്ചു വില്പന നടത്തിയയാൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ഈരാറ്റുപേട്ട പോലീസ്. ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശി ജാഫറിനും കൂട്ടാളികൾക്കു വേണ്ടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇന്നലെ വ്യാജ ബീഡി നിർമാണ കേന്ദ്രം റെയ്ഡ് ചെയ്ത പോലീസ് 2200 പായ്ക്കറ്റ് ബീഡിയാണ് പിടിച്ചെടുത്തത്. വ്യാജ ബീഡികൾ നിർമിച്ചു വിവിധ കന്പനികളുടെ പായ്ക്കറ്റുകളിലാക്കി കടകളിൽ എത്തിച്ചു വിൽപ്പന നടത്തുകയായിരുന്നു ചെയ്തിരുന്നത്.
വ്യാജ ബീഡി നിർമാണം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വീട് റെയ്ഡ് നടത്തുകയായിരുന്നു ഇതോടെയാണ് വ്യാജ ബീഡികളുടെ ശേഖരം കണ്ടെത്തിയത്.ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.