കോട്ടയം: വ്യാജ ബീഡി നിർമിക്കുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇന്നലെ 75,000 രൂപ വിലവരുന്ന വ്യാജ ബീഡി ഉൽപ്പന്നങ്ങളാണ് കോട്ടയം നഗരത്തിലെ മാർക്കറ്റിനുള്ളിലെ കടയിൽനിന്നും പോലീസ് പിടിച്ചെടുത്തത്.
പുകയില ഉൽപ്പന്നങ്ങൾ മൊത്തവ്യാപാരം നടത്തിവരുന്ന അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള കല്ലൂത്രയിൽ സ്റ്റോഴ്സിൽനിന്നാണ് വ്യാജ ബീഡി ശേഖരം കണ്ടെത്തിയത്.
ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിമാൻ കന്പനിയുടെ വ്യാജ ബീഡിയാണ് പിടികൂടിയത്.
ഏതാനും നാളുകൾക്കു മുന്പും ഇത്തരത്തിലുള്ള വ്യാജ ബീഡികളുടെ വൻശേഖരം ഈരാറ്റുപേട്ടയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെയാണ് വ്യാജ ബീഡികളുടെ നിർമാതാക്കളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്
. കോഴിക്കോട് നിന്നുമാണ് വ്യാജ ബീഡികൾ കോട്ടയം ജില്ലയിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്നതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചനകൾ.
അതേസമയം വ്യാജ ബീഡികളുടെ നിർമാണം നടക്കുന്നതു ഇതര സംസ്ഥാനങ്ങളിലാണെന്നും അവ കോഴിക്കോട് എത്തിച്ചു സ്റ്റോക്ക് ചെയ്തശേഷമാണ് മറ്റു ജില്ലകളിലേക്കു കൊണ്ടുപോകുന്നതെന്നുമുള്ള സൂചനകളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.
ജില്ലയുടെ മറ്റു സ്ഥലങ്ങളിലും സമാനമായി രീതിയിൽ വ്യാജ ബീഡികൾ വില്പന നടത്തുന്നുണ്ടെന്നും തുടർന്നും ശക്തമായ പരിശോധനകൾ നടത്തുമെന്നും പോലീസ് പറഞ്ഞു.
കോട്ടയത്തു നിന്നും കണ്ടെടുത്ത ബീഡി ജ്യോതിമാൻ കന്പനി അധികൃതർ എത്തി തങ്ങളുടേതല്ലെന്നും വ്യാജമായി നിർമിച്ചവയാണെന്നും സ്ഥിരീകരിച്ചു.
ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെ കന്പനിക്കു ലക്ഷങ്ങളുടെ നഷ്ടവും കച്ചവടക്കാരന് അമിത ലാഭവും സർക്കാരിനു ലഭിക്കേണ്ട നികുതിയുമാണ് നഷ്ടപ്പെടുന്നത്.
ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എം. ജോസിന്റെ നിർദേശപ്രകാരം കോട്ടയം വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് ബി. നായർ, കെ.ആർ. അജയകുമാർ, വി.കെ. അനീഷ്, പി.എം. ഷിബു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.