കൊല്ലം: ബീഡി വാങ്ങാൻ പണം നൽകാത്തതിന് യുവാവിന്റെ മൂക്കെല്ല് ഇടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി.
ശക്തികുളങ്ങര കന്നിമേൽ ഐശ്വര്യ നഗർ പെരിക്കുഴി ഹൗസിൽ ശ്യാം സുനിൽ (22) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ 23 ന് സന്ധ്യക്ക് സൈക്കിളിൽ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.
ഇയാളെ തടഞ്ഞ് നിർത്തി പ്രതിയടങ്ങിയ സംഘം പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മിതച്ച യുവാവിനെ ഇവർ ചവിട്ടി താഴെയിട്ട് അടിക്കുകയും സമീപം കിടന്ന കരിങ്കല്ല് എടുത്ത് മുഖത്തിടിക്കുകയും ചെയ്തു.
ഇടിയിൽ മുഖത്ത് പരിക്കും മൂക്കസ്ഥിക്ക് പൊട്ടലും സംഭവിച്ചു. തുടർന്ന് പ്രതിയടങ്ങിയ സംഘം യുവാവിനെ ഉപോക്ഷിച്ച് പോകുകയായിരുന്നു.
തുടർന്ന് യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം കടയ്ക്കാവൂരിലെ ബന്ധുവീട്ടിലേക്ക് കടന്ന ശ്യാമിനെ അവിടെ നിന്നുമാണ് പോലീസ് പിടികൂടിയത്.
ശക്തികുളങ്ങര ഇൻസ്പെക്ടർ യൂ. ബിജൂവിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷാജഹാൻ,
എഎസ്ഐമാരായ പ്രദീപ്, ഡാർവിൻ, എസ് സിപിഒ അജിത്ത്, പോലീസ് വാളണ്ടിയർ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍ഡു ചെയ്തു.