മങ്കൊന്പ്: കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരുന്ന സംഘർങ്ങളെ തുടർന്ന് പുളിങ്കുന്ന് എൻജിനീയറിംഗ് കോളജ് ഇന്നു മുതൽ രണ്ടു ദിവസത്തേയ്ക്ക് അടച്ചിടും. പ്രിൻസിപ്പിൽ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഇതര സംസ്ഥാന വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് വൈസ്ചാൻസലറുടെ തീരുമാനം. സമരക്കാരുമായി കുസാറ്റ് വിസി ചർച്ചയ്ക്കൊരുങ്ങിയതോടെ കഴിഞ്ഞ ദിവസത്തെ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ ചർച്ച വിജയിച്ചില്ല.
ചർച്ചയിൽ സമരക്കാർ പ്രിൻസിപ്പലിന്റെ രാജിയിൽ ഉറച്ചു നിന്നതോടെയാണ് വന്നതോടെയാണ് കോളജ് അടച്ചിടാൻ തീരുമാനിച്ചത്. കോളജിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു സമരം ആരംഭിച്ചെങ്കിലും ഒരു വിഭാഗം വിദ്യർഥികൾ സമരത്തിൽ നിന്നു വിട്ടുനിന്നതോടെ സമരം സംഘർഷത്തിലേക്കു നീങ്ങി. ഇതിനിടെ വിസിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണു രണ്ടുദിവസത്തേയ്ക്കു കോളജ് അടച്ചിടാൻ ഉത്തരവായത്.
സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കോളജിൽ കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിംഗ് സെമിനാർ നടന്നിരുന്നു. സെമിനാറിനോടനുബന്ധിച്ചു ഇതര സംസ്ഥാനക്കാരായ വിദ്യർഥികൾ ബീഫ് കട്ലറ്റ് കഴിക്കാൻ ഇടയായ സംഭവമാണു പ്രശ്നങ്ങൾക്കു കാരണമായത്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ സംഘടിപ്പിച്ച നെറ്റ് ബാങ്കിംഗ് സംബന്ധിച്ചുള്ള സെമിനാറിനിടെ ചായ സത്കാരത്തിന്റെ ഭാഗമായി കട്ലറ്റും നൽകിയിരുന്നു.
സാധാരണയായി സെമിനാറുകൾ നടക്കുന്പോൾ കോളജ് അധികൃതർ തന്നെയാണ് ചായ സത്കാരവുമൊരുക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മാംസേതര ഭക്ഷണങ്ങൾ മാത്രമാണ് വിതരണം ചെയ്യാറുള്ളതെന്നും കോളജ് അധികൃതർ പറയുന്നു.
എന്നാൽ ഇത്തവണ സെമിനാറിന്റെ സംഘാടകർ തന്നെയാണ് ചായക്കൊപ്പം രണ്ടുതരം കട്ലറ്റും ക്രമീകരിച്ചത്. വെജിറ്റേറിയൻ, നോണ് വെജിറ്റേറിയൻ എന്നിവ പ്രത്യേകം പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. ഇതു തിരിച്ചറിയാതെ സസ്യഭോജികളായ രണ്ടു ഇതര സംസ്ഥാന വിദ്യാർഥികൾ ബീഫ് കട്ലറ്റ് കഴിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് പുളിങ്കുന്ന് എസ്ഐ എസ്.നിസാം പറഞ്ഞു.